കൈറോ: ഈജിപ്ത് അല്‍മന്‍സൂറ യൂണിവേഴ്സിറ്റിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ നിന്ന് കൗതുകം ജനിപ്പിക്കുന്ന ഒരു വാര്‍ത്ത. ഒരാളുടെ വയറില്‍ വര്‍ഷങ്ങള്‍ തള്ളി നീക്കുകയായിരുന്ന ഒരു വസ്തുവിനെ അവിടുത്തെ മെഡിക്കല്‍ ടീം പുറത്തെടുത്തു. വസ്തു മറ്റൊന്നുമല്ലാ, നമ്മുടെ പ്രിയ മൊബൈല്‍ ഫോണ്‍. ഒന്നല്ല, ആറ് വര്‍ഷങ്ങളാണ് മൊബൈല്‍ ഫോണ്‍ അയാളുടെ ദഹനവ്യവസ്ഥയില്‍ തപസ്സിരുന്നത്.
നിലക്കാത്ത വയറു വേദനയുമായി ഒരു രോഗി അല്‍മന്‍സൂറ യൂണിവേഴ്സിറ്റി ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ചെല്ലുകയായിരുന്നു. ആവശ്യമായ പരിശോധനകള്‍ നടത്തിയ മെഡിക്കല്‍ വിഭാഗം വയറ്റില്‍ ഒരു 'അജ്ഞാതന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. അജ്ഞാതന്‍ ലോഹം ആണെന്നും അറിയാനായി. പിന്നെ വൈകിയില്ല, ഏകദേശം 45 മിനിറ്റ് സമയമെടുത്ത അടിയന്തിര ശസ്ത്രക്രിയയിലൂടെ ലോഹവസ്തു നീക്കം ചെയ്തു - അതാണ് ഒരു മൊബൈല്‍ ഫോണ്‍.
ആറ് വര്‍ഷമായി രോഗിയുടെ വയറ്റില്‍ കിടന്നിരുന്ന മൊബൈല്‍ ഫോണ്‍ നീക്കം ചെയ്തപ്പോള്‍, വയറ്റില്‍ കടുത്ത വീക്കം ഉണ്ടായതായും ഏകദേശം 30 കിലോ ഭാരം കുറഞ്ഞതായും 'ലോഹം' പുറത്തെടുത്ത ശസ്ത്രക്രിയാ മെഡിക്കല്‍ സംഘാംഗവും അല്‍മന്‍സൂറ സര്‍വകലാശാലയിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് എന്‍ഡോസ്‌കോപ്പി പ്രൊഫസറുമായ ഡോ. അസ്മാഡോ. അസ്മാ പറഞ്ഞു. രോഗിയുടെ വയറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഒന്നിലധികം ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നത്രെ.
ഇത്രയും നീണ്ട കാലയളവിനുള്ളില്‍ വയറിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാതിരുന്നത് അപൂര്‍വ സംഭവമാണെന്നും രോഗി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍ അസ്മ പറഞ്ഞു. മൊബൈല്‍ എങ്ങനെ വയറ്റില്‍ പോയി എന്ന വിവരം ലഭ്യമല്ല.
ചിത്രം: ഡോ. അസ്മയും സംഘവും പുറത്തെടുത്ത മൊബൈല്‍ ഫോണുമായി.
Related News