ദുബായിലെ വിനോദ സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഉല്ലാസ കേന്ദ്രമാണ് മര്‍മൂം അല്‍ ഖുദ്‌റ ലവ് ലൈക്ക് തീരം. മരുഭൂമിയും മരുപ്പച്ചയും മരുനീരരുവിയും സംഗമിക്കുന്ന അപൂര്‍വ്വ സ്ഥാനം. ആകാശത്ത് ദേശാടന കിളികളുടെ മാസ്മരിക യാത്ര മണല്‍പ്പരപ്പില്‍ പിടമാനുകളുടെ പരക്കം പാച്ചില്‍ അരുവികളില്‍ കിളിമീനുകളുടെ കളിയാട്ടം. മരച്ചില്ലകളില്‍ കിളികളുടെ കളകളാരവം, ചുറ്റുപാടുകള്‍ ഹരിത വര്‍ണ്ണിമ. അസ്തമയ ശോഭയില്‍ പ്രകൃതിക്കൊരു ചെഞ്ചായ ചെമപ്പ്, നിരത്തുകള്‍ പകുത്ത് മരുഭൂമിയും താണ്ടി വേണം സ്ഥലത്ത് എത്താന്‍. പരിസരം ഭൂമിയുടെ ഗന്ധം അനുഭവങ്ങളുടെ തീരം പോലെ ലവ് ലൈക്ക് സ്‌നേഹതടാകം.
വാഹനത്തിന്റെ കുതിപ്പ് നില്‍ക്കുന്നേടത്ത് സ്‌നേഹ തടാകം ആരംഭിക്കും. കിലോ മീറ്ററുകള്‍ പരന്നുകിടക്കുന്ന തീരവും നീര്‍ത്തടവും ലാസ്യ ഭാവത്തില്‍, ഒരേതലത്തില്‍ ഒരേ താളത്തില്‍ ആന്തോളനം, പരല്‍ മീനുകളുടെ പരക്കം പാച്ചില്‍, അരയന്നങ്ങളുടെ കപ്പലോട്ടം, ആറ്റില്‍ നീന്തി പിന്നെ കുണിങ്ങി കുണുങ്ങി കരകയറ്റം പിന്നെ തീരം കയറി സ്‌നേഹം പകുത്ത് വീണ്ടും ജലാശയത്തിലേക്ക്. ലവ് ലൈക്ക് സ്‌നേഹ സംഗമ ഭൂമിയാണ് മനുഷ്യനും പ്രകൃതിയും സ്‌നേഹ വലയത്തില്‍ കരയും ജലവും സ്‌നേഹ ധാരയില്‍ ആമയും മത്സ്യവും മറ്റു ജലജീവജാലങ്ങളും പാരസ്പര്യത്തിന്റെ സമവാക്ക്യത്തില്‍ ഏറ്റക്കുറച്ചികളില്ലാത്ത സ്‌നേഹവായ്പ്പ്.
അവിടം അനുരാഗത്തിന്റെ ഹൃദയതാളം കുരുന്നുകള്‍ക്ക് ഉല്ലാസം ശാന്ത സുന്ദര പ്രകൃതി താളം. അല്‍പ്പം സ്വസ്ഥത ആഗ്രഹിക്കുന്നവര്‍ക്ക് ഏകാന്ത വാസിയാവാം, കാഴ്ചകള്‍ കൊതിക്കുന്നവര്‍ക്ക് പഥികരാവാം, ഹൃദയാര്‍ദ്രത കൊതിക്കുന്നവര്‍ക്ക് മനസ്സുതണുപ്പിക്കാം സ്വയം കണ്ണുനീര്‍പൊഴിക്കാം, മനസ്സിലെ കനലുകള്‍ക്കിത്തിരി വെള്ളമൊഴിക്കാം, സ്വപ്നങ്ങള്‍ക്ക് ചിറകുകൊടുക്കാം, ഭാവനയുടെ അനന്തവിഹായസ്സിലേക്കു കുതിച്ചുയരാം, കണ്ണടച്ചു കിടക്കാം ഇളംവെയില്‍ കായാം. പാട്ട്പാടാം ,കൂട്ട് കൂടാം, നിനച്ചിരിക്കാം, തനിച്ചിരിക്കാം , രുചി നുകരാം, നല്ല ഭാവങ്ങളെതാലോലിക്കാന്‍ അനന്ത സാധ്യതകള്‍.
ആകാശ തെളിമയില്‍ മണല്‍ തരികള്‍ക്കു സുവര്‍ണ്ണത്തിളക്കം, സായാഹ്നത്തില്‍ ജലാശയത്തില്‍ ചെഞ്ചായം, കണ്‍കുളിര്‍മയില്‍ കണ്ടല്‍കാടുകളുടെ പച്ചപ്പ്, നീലാകാശത്ത് വെള്ള മേഘപാടുകള്‍ , മങ്ങിയ കറുപ്പില്‍ ജലാശയത്തില്‍ നിഴല്‍ കാഴ്ചകള്‍, കുയില്‍ നാദവും കളകളാരവവും പേടമാന്‍ കിടാവിന്റെ പരക്കം പാച്ചില്‍, മന്ദ പാദത്തില്‍ ആമകുഞ്ഞിന്റെ പിച്ചവെക്കല്‍ , കാഴ്ചളുടെ കേള്‍വിയുടെ അനുഭങ്ങളുടെ രാസ വിന്യാസം , പട്ടണം വിട്ടു ഗ്രാമങ്ങള്‍ താണ്ടി മരുഭൂമിയിലൂടെ മനസ്സ് തേടുന്ന മരുപ്പച്ചപോലെ ഉച്ഛസ്ഥായിയോ നീച്ഛ സ്ഥായിയോ അല്ല മദ്ധ്യസ്ഥായിയില്‍ ഒരിടം, ആശയങ്ങളും ആഗ്രഹങ്ങളും പങ്കുവെക്കാനും അനുഭവിക്കാനും വിചാരങ്ങള്‍ക്കും വീണ്ടുവിചാരങ്ങള്‍ക്കും ഒരിടം. സ്‌നേഹ പരതയില്‍ തെളിനീരിന്റെ സാക്ഷ്യത്തില്‍ പ്രകൃതിയുടെ സ്‌നേഹ മധുരിമ ലവ് ലൈക്ക് സ്‌നേഹതടാകം ഒരു വല്ലാത്ത അനുഭൂതിയാണ്.
Related News