ജിദ്ദ: സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണ ഭാഗമായി പിങ്ക് നിറങ്ങളാല്‍ അലങ്കരിച്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍, തിരുവനന്തപുരം സ്വദേശി സംഗമവും (ടി.എസ്.എസ്.) വനിതാ വിഭാഗവും ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
തിരുവനന്തപുരം സ്വദേശി സംഗമം പ്രസിഡന്റ് ഷബീര്‍ സുബൈറുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരിയും ഭാര്യ ഫഹ്‌മിന ഖാത്തൂനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നും അഭിമാനകരവും അഭിനന്ദനാര്‍ഹവുമാണെന്ന് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സൂരി പറഞ്ഞു. ഇത്തരം ബോധവല്‍ക്കരണ പരിപാടികളിലൂടെയും പരസ്പര സഹായസഹകരണങ്ങളിലൂടെയും പ്രവാസി സമൂഹത്തില്‍ ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും, ആരോഗ്യമേഖലയില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാനും ജിദ്ദയിലെ ഇന്ത്യന്‍ സമൂഹത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന്, ജിദ്ദ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ ലണ്ടനിലെ ഓങ്കോളജിസ്റ്റും പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധനുമായ ഡോ. ഇക്ബാല്‍ ഹുസൈന്‍ മണിയാര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാറിന് നേതൃത്വം നല്‍കി. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ആധുനിക ചികിത്സാരീതികള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ജിദ്ദ നാഷണല്‍ ഹോസ്പിറ്റലിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഇന്ദു ചന്ദ്രശേഖരന്‍, ഡോ. ഷമീ ഷബീര്‍ എന്നിവരും ബോധവല്‍ക്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിച്ചു. സ്ത്രീകള്‍ക്കിടയില്‍ ആരോഗ്യപരമായ അവബോധം വളര്‍ത്തേണ്ടതിന്റെയും, കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിച്ച ഡോക്ടര്‍മാര്‍, സ്വയം പരിശോധന എങ്ങനെ നടത്തണമെന്നും വിശദീകരിച്ചു.
കാന്‍സര്‍ അതിജീവിച്ച പ്യാരി ടീച്ചര്‍ തന്റെ ജീവിതാനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചത് പരിപാടിയിലെ ഹൃദയസ്പര്‍ശിയായ നിമിഷമായി. രോഗത്തെ നേരിട്ട അനുഭവങ്ങളും അതിജീവനത്തിന്റെ വഴികളും പങ്കുവെച്ച അവരുടെ വാക്കുകള്‍ സദസ്സിന് വലിയ ആത്മവിശ്വാസവും പ്രചോദനവും പകര്‍ന്നു.
ഫിനോം അക്കാദമി അവതരിപ്പിച്ച കാന്‍സര്‍ ബോധവല്‍ക്കരണ സ്‌കിറ്റ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായി. ആമിന ബിജു, മിന്‍സ ഫാത്തിമ, അസ്‌ന ബിജു എന്നിവര്‍ പരിപാടി അവതരിപ്പിച്ചു. ടി.എസ്.എസ്. വനിതാ വിഭാഗം കണ്‍വീനര്‍ ഷൈമ നജീബ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ നസ്സ്വി ഫൈനൂസ് നന്ദിയും രേഖപ്പെടുത്തി.
ജിദ്ദയിലെ വിവിധ ഇന്ത്യന്‍ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്.) അംഗങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ടി.എസ്.എസ്. വനിതാ വിഭാഗം അംഗങ്ങള്‍ പരിപാടിയുടെ സംഘാടനത്തിനും നിയന്ത്രണത്തിനും നേതൃത്വം നല്‍കി.