നിങ്ങള്‍ നിക്ഷേപിക്കുന്നതില്‍ ഏറ്റവും ഉത്തമമായത് നിങ്ങളിലാണ്. നിക്ഷേപം അവിടെ ഉള്ളതാണ്. ഓരോ വ്യക്തിയിലും. എന്നാല്‍ നിഷിപ്തമായതിനെ അനാവരണം ചെയ്യുന്നതിലാണ് നമ്മുടെ നിക്ഷേപത്തിന്റെ പ്രസക്തി. അവിടെയാണ് നമുക്ക് പ്രവര്‍ത്തിക്കാനുള്ളത്. ശരിയല്ലേ?
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ നമ്മുടെ ശാരീരിക ശേഷിയെ നാം പുറത്തെടുക്കുന്നു. കായിക വിനോദങ്ങളേതായാലും അവ നമുക്ക് നമ്മിലെ കഴിവുകളെ പുറത്തെടുക്കാന്‍ സഹായിക്കുന്നു. ശേഷി അവിടെ നേരത്തെ ഉള്ളതാണെങ്കിലും ഉള്ളത് പുറത്തെടുക്കുമ്പോഴാണ് നാം അതറിയുന്നത്. അപ്പോള്‍ നമുക്ക് ഒരു ആത്മ വിശ്വാസം വര്‍ധിച്ചു. അല്ലെ?
എങ്ങനെയാണതിനെ തിരിച്ചറിയുന്നതെന്നല്ലേ. നാം പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോള്‍ നമ്മുടെ ശേഷികളെ നാം തിരിച്ചറിയുന്നു. കാര്യങ്ങള്‍ ചെയ്യാനുള്ള നമ്മുടെ പ്രാപ്തിയില്‍ നമുക്ക് ആത്മവിശ്വാസം വര്‍ധിക്കുന്നു. കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള രാസവസ്തുക്കള്‍ നമ്മുടെ മസ്തിഷ്‌കം സൃഷ്ടിക്കുന്നു. അപ്പോള്‍ നമ്മുടെ മനസ്സിന്റെ ഭാഗത്ത് വര്‍ക്ക് ഔട്ട് ചെയ്താലോ? ഒന്നുകൂടെ നാം ശക്തിപ്പെടില്ലേ? തീര്‍ച്ചയായിട്ടും. അതിനു എന്റെ അറിവിലുള്ള ഏറ്റവും നല്ല ഒരുവഴി ഗ്രാഫോതെറാപ്പിയാണ്. അതെന്താണെന്നല്ലേ?
നിങ്ങളുടെ കൈയ്യക്ഷരം വിശകലനം ചെയ്ത് നിങ്ങളിലെ വ്യക്തിത്വ സവിശേഷതകളെ കണ്ടെത്തി, തിങ്കിങ് പാറ്റേണ്‍, എക്‌സ്പ്രഷന്‍ കോഷ്യന്റ്, തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ കൈയ്യെഴുത്ത് ഡീകോഡ് ചെയ്ത് കണ്ടെത്താം. ഇതിനൊരു ശാസ്ത്രീയ രീതിയുണ്ട്. നമ്മുടെ മസ്തിഷ്‌കത്തില്‍ രൂപം കൊണ്ട ഇമ്പ്രെഷന്‍സ് ആണ് നിലവിലെ നമ്മുടെ ചിന്താരീതി, വൈകാരിക ബുദ്ധി, സാമൂഹിക ബന്ധങ്ങള്‍, മാനസിക സുസ്ഥിതി എല്ലാം നിശ്ചയിക്കുന്നത്. ഇത് നമ്മുടെ കൈയ്യെഴുത്തിലൂടെ പ്രകടമാകുന്നു. ഇവയില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ വരുത്തി മസ്തിഷ്‌കത്തെ സ്വാധീനിച്ചു മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വര്‍ക്കൌട്ട് മെത്തേഡാണ് ഗ്രാഫോതെറാപ്പി നമുക്ക് സമ്മാനിക്കുന്നത്. നിരന്തരം ശാസ്ത്രീയമായി പ്രാക്റ്റീസ് ചെയ്യുന്നതിലൂടെ പുതിയ ന്യൂറല്‍ കണക്ഷന്‍സ് സൃഷ്ടിക്കുകയൂം നമ്മിലെ മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതിലൂടെയാണ് പുതിയ സാദ്ധ്യതകള്‍ നമുക്ക് തുറന്ന് കിട്ടുന്നത്. നമ്മുടെ ഭാവിയെ ഇത്രമാത്രം സ്വാധീനിക്കാന്‍ കഴിയുന്ന ഈ ഒരു സാധ്യത ഉപയോഗിച്ച് വിജയിച്ചവരുടെ സാക്ഷ്യങ്ങളാണ് ഇക്കാര്യം കൂടുതല്‍ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു എന്ന് എന്നെ ചിന്തിപ്പിച്ചത്.
ശാസ്ത്രീയ ഗവേഷണം:
കൈയുടെ യഥാര്‍ത്ഥ ചലനങ്ങളെക്കുറിച്ചും തലച്ചോറിലെ ഉത്തേജനവുമായുള്ള ബന്ധത്തെക്കുറിച്ചും ഗവേഷണം നടന്നിട്ടുണ്ട്. ഗവേഷണം (UCLA-1991) വിശദീകരിക്കുന്നത് ചൂണ്ടുവിരലിന്റെ മാത്രം ചലനങ്ങള്‍ മാറ്റുന്നതിലൂടെ, തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം ഉത്തേജിപ്പിക്കപ്പെടുകയും വ്യത്യസ്ത രാസവസ്തുക്കള്‍, അഥവാ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങളുടെ കൈയുടെ ചലനത്തിലെ ഒരു സെന്റീമീറ്ററിന്റെ ഒരംശത്തിന്റെ വ്യത്യാസത്തിന് നിങ്ങളുടെ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളെ ഉത്തേജിപ്പിക്കാനും മാറ്റങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ഗവേഷണം പുറത്തു വന്നതിനു ശേഷം, കൈയക്ഷര വിശകലനത്തിന്റെ ശാസ്ത്രത്തെക്കുറിച്ചുള്ള വര്‍ഷങ്ങളുടെ പഠനത്തെ പിന്തുണയ്ക്കുന്നതിനുള്ള ശാസ്ത്രീയ ലബോറട്ടറി തെളിവുകള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ കൈയക്ഷരവും തലച്ചോറിന്റെ ഉത്തേജനവും തമ്മിലുള്ള ഈ ലിങ്ക് ഇപ്പോള്‍ വ്യക്തമാണ്.
കൈയക്ഷരം മാറ്റുന്നത് നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റമുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ടാകും. കൈയെഴുത്തു പേനകള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്കു വഴിമാറിക്കൊടുത്തപ്പോള്‍ സംഭവിക്കുന്നതെന്ത്? നമ്മള്‍ തീര്‍ത്തും 'പേപ്പര്‍ ഫ്രീ'യായി. പക്ഷേ ഇത്രയധികം പുരോഗമനത്തിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗവേഷണ പഠനങ്ങള്‍ പുറത്ത് കൊണ്ട് വരുന്നത്!
ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്
നോര്‍വേയിലെ ഒരു കൂട്ടം ഗവേഷകരാണ് കൈയെഴുത്തും ടൈപ്പിങ്ങും തമ്മിലുള്ള ബൗദ്ധികമായ അന്തരങ്ങളെക്കുറിച്ച് പഠനം നടത്തിയത്. 256 ഇലക്ട്രോഡുകള്‍ വിദ്യാര്‍ഥികളുടെ മസ്തിഷ്‌കത്തില്‍ പിടിപ്പിച്ചശേഷം അവര്‍ കൈയെഴുത്തില്‍ ഏര്‍പ്പെടുമ്പോഴും കീബോര്‍ഡുപയോഗിച്ച് ടൈപ്പ് ചെയ്യുമ്പോഴും സംഭവിക്കുന്നതെന്താണെന്ന് നിരീക്ഷിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. അവരുടെ കണ്ടെത്തല്‍ അമ്പരപ്പിക്കുന്നതായിരുന്നു- കൈ കൊണ്ട് എഴുതുമ്പോള്‍ ഓര്‍മയുമായും പഠനവുമായും ബന്ധപ്പെട്ട വിപുലമായ നാഡികള്‍ സജീവമാകുന്നു, അതേസമയം ടൈപ്പിങ് തലച്ചോറിന്റെ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ഉണര്‍ത്തുന്നില്ല. എഴുതുമ്പോള്‍ കൈയുടെ നിയന്ത്രിതമായ ചലനങ്ങള്‍ കൊണ്ട് ഓര്‍മകള്‍ നിലനിര്‍ത്താനും സംഗ്രഹിക്കാനും മസ്തിഷ്‌കത്തെ ശക്തമാക്കാനും കഴിയുന്നു.
സ്‌കൂള്‍ തലങ്ങളില്‍ കൈയെഴുത്തുകള്‍ നിര്‍ബന്ധമായും കുട്ടികള്‍ ശീലിച്ചിരിക്കണം എന്നാണ് ഈ ഗവേഷകരുടെ നിര്‍ദ്ദേശം. കൈയെഴുത്തുകാര്‍ നിര്‍ജീവമായി അക്ഷരങ്ങള്‍ ഉണ്ടാക്കുകയല്ല ചെയ്യുന്നത്. മറിച്ച്, തലച്ചോറിനെക്കൂടി എഴുത്തു പ്രക്രിയയില്‍ ഇടപഴകിക്കുകയാണ് ചെയ്യുന്നത്. ടൈപ്പ് റെറ്റിങ്ങിനോ പാഡിനോ കീബോഡിനോ പക്ഷേ അത്തരത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കൈകൊണ്ട് എഴുതുമ്പോള്‍ മസ്തിഷ്‌കം അതൊരു ക്രിയാത്മക പ്രക്രിയ ആയിട്ടാണ് രൂപപ്പെടുത്തുന്നത്. വിജ്ഞാനം, ഓര്‍മശക്തി, ചലനാത്മകത തുടങ്ങി മസ്തിഷ്‌കത്തിലെ ഒന്നിലധികം മേഖലകളെ സജീവമാക്കുന്നു. ഓരോ അക്ഷരവും കൈകൊണ്ട് എഴുതുമ്പോള്‍ തലച്ചോറില്‍ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കൈകൊണ്ട് എഴുതുമ്പോള്‍ ലഭിക്കുന്ന അധികം വിജ്ഞാനത്തെക്കുറിച്ച് പ്രഗല്‍ഭരായ എഴുത്തുകാര്‍ മുതല്‍ മനശ്ശാസ്ത്ര വിദഗ്ധര്‍ വരെ വിശദമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളെ ആശ്രയിക്കുന്നതിനുപകരം നോട്‌സ് എഴുതിയെടുക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.
നിങ്ങളുടെ വ്യക്തിത്വത്തിലെ നല്ല മാറ്റങ്ങളെ സൃഷ്ടിക്കുന്നതിനും സ്വാധീനിക്കുന്നതിനും കൈയക്ഷരം മാറ്റുന്ന പ്രക്രിയയാണ് ഗ്രാഫോ തെറാപ്പി ചെയ്യുന്നത്. കൈയക്ഷര വിശകലനത്തില്‍ നമുക്ക് വെളിപ്പെട്ട സവിശേഷതകള്‍, കൈയക്ഷരം കൂടുതല്‍ പോസിറ്റീവും, വ്യക്തവും ആക്കി ശാസ്ത്രീയമായി മാറ്റുന്നു.
നമ്മുടെ മസ്തിഷ്‌കത്തെ സ്വാധീനിക്കുന്നത് നമ്മുടെ മനസ്സിന്റെ പ്രക്രിയകളാണ്. നമ്മുടെ മനസ്സ് നിര്‍ദ്ദേശങ്ങള്‍ക്ക് വളരെ വിധേയമാണ്. ഫലത്തില്‍, ആവര്‍ത്തിച്ചുള്ള വ്യായാമത്തിലൂടെ നമ്മുടെ കൈയക്ഷരത്തില്‍ ഒരു സ്‌ട്രോക്ക് മാറ്റാന്‍ നാം സ്വമേധയാ ഏറ്റെടുക്കുമ്പോള്‍, കൈയക്ഷരത്തെ ബാധിക്കുന്ന ശക്തമായ ഒരു നിര്‍ദ്ദേശം നാം ഉപബോധ മനസ്സിലേക്ക് അയയ്ക്കുന്നു; ഉപബോധ മനസ്സിനെ മാറ്റങ്ങളിലേക്ക് നയിക്കാന്‍ കൈയക്ഷരം ഉപയോഗിക്കാം. അതാണ് ഗ്രാഫോതെറാപ്പി നിര്‍വ്വഹിക്കുന്നത്.
ഗ്രാഫോ തെറാപ്പി, ന്യൂറോളജിയുടെ തത്വങ്ങളും കൈയക്ഷര വിശകലനത്തിന്റെ മനഃശാസ്ത്രവും സംയോജിപ്പിച്ച് നിങ്ങളുടെ ജീവിതം മാറ്റുന്നതിനുള്ള ശക്തവും ഫലപ്രദവുമായ ഒരു രീതി സൃഷ്ടിക്കുന്നു.
-മുഹമ്മദ് ബഷീര്‍ കെ പൂക്കോട്ടൂര്‍
(ലേഖകന്‍ അന്താരാഷ്ട്ര ഗ്രാഫോളജിസ്റ്റ് കൗണ്‍സില്‍ അംഗവും മഞ്ചേരിയിലെ കീ കൗണ്‍സിലിംഗ് സെന്ററിലെ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റുമാണ്)
Related News