റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പബ്ലിക്കേഷന്‍ വിഭാഗമായ പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്ററിെന്റ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദില്‍ തുടക്കമായി. 'പുസ്തകങ്ങളും എഴുത്തുകാരും' എന്ന ശീര്‍ഷകത്തിലുള്ള പരിപാടിയുടെ സൗദി തല ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകന്‍ നജിം കൊച്ചുകലുങ്ക് നിര്‍വഹിച്ചു. വായനയില്ലാത്ത മനുഷ്യന്‍ കാലസ്തംഭനം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെയും തന്റെ കാലങ്ങളെയും അറിയാന്‍ വായന കൂടിയേ തീരൂ. നിര്‍മത ചരിത്രങ്ങളെ പലയിടത്തും തിരുത്താന്‍ കഴിയാതെ പോകുന്നത് ചരിത്രം വായിക്കാത്ത പുതുതലമുറ വളരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് പതിറ്റാണ്ടിലേറെയായി റിയാദില്‍ പ്രവാസം നയിക്കുന്ന എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കരയുടെ പുസ്തകങ്ങളും എഴുത്ത് അനുഭവങ്ങളുമാണ് ഉത്ഘാടന ദിവസം ചര്‍ച്ച ചെയ്തത്. തന്റെ വായന അനുഭവങ്ങളും എഴുത്തിലേക്കെത്തിയ രീതിയും റഫീഖ് വിശദീകരിച്ചു. കോഴിക്കോട്ടൊരു പുസ്തകോത്സവത്തില്‍ വെച്ചാണ് കടമ്മനിട്ടയും വൈക്കം മുഹമ്മദ് ബഷീറും ഉള്‍പ്പടെയുള്ള അക്കാലത്ത് എഴുത്തിന്റെ കുലപതികളെ കാണുന്നത്. അവരെപോലെയൊക്കെ എഴുതി തെളിയണമെന്ന് ആഗ്രഹിച്ചെങ്കിലും അവരിലേക്കുള്ള ദൂരം ഇനിയും ഏറെ കൂടുതലാണെന്ന് റഫീഖ് പരിപാടിയില്‍ പറഞ്ഞു.
പണം സ്വരൂക്കൂട്ടി വായിക്കാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നതായിരുന്നു അക്കാലത്തെ ലഹരി. വായന ലഹരിയാക്കിയാല്‍ എല്ലാ അര്‍ഥത്തിലും മനുഷ്യന് പുരോഗതിയുടെ പടവ് കയറാനാകുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ അതത് പ്രവിശ്യകളിലെ ഒ.ഐ.സി.സിയുമായി സഹകരിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പരിപാടിയില്‍ പറഞ്ഞു.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം അഡ്വ. അജിത് അധ്യക്ഷത വഹിച്ചു. സൗദി കോഓഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍ ആമുഖം പറഞ്ഞു. എഴുത്തുകാരായ സബീന എം. സാലി, നിഖില സമീര്‍, സുബൈദ കോമ്പില്‍, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, ഗ്ലോബല്‍ സെക്രട്ടറി റസാഖ് പോക്കോട്ടുംപാടം, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പളളി, ഷാഫി മാസ്റ്റര്‍,ഷിബു ഉസ്മാന്‍, ശുകൂര്‍ ആലുവ എന്നിവര്‍ സംസാരിച്ചു. കൗണ്‍സില്‍ അംഗം നാദിര്‍ഷ സ്വാഗതവും ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ: പ്രിയദര്‍ശനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്ററിന്റെ ദ്വൈമാസ സാഹിത്യാസ്വാദന ഉദ്ഘാടന പരിപാടിയില്‍ എഴുത്തുകാരന്‍ റഫീഖ് പന്നിയങ്കര സംസാരിക്കുന്നു.
Related News