ജിദ്ദ: ഇന്ത്യയില്‍ ഇതുവരെ നിലവിലുണ്ടായിരുന്ന വഖഫ് നിയമം ഒരു മതസ്ഥരെയും ദ്രോഹിക്കുന്നതല്ലെന്നും ഒരാളുടെയും സമ്പത്ത് അപഹരിക്കുന്നതല്ലെന്നും ഐ എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തന്‍സീര്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'വഖഫ് : വസ്തുത എന്ത് ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ട് തന്റെ മരണശേഷവും പ്രതിഫലം ലഭിക്കണമെന്ന ഉദ്ദേശത്താല്‍ വിശ്വാസികള്‍ ചെയ്യുന്ന ധര്‍മ്മമാണ് 'വഖഫ്'. ആരാധനാലയങ്ങള്‍, വഴിയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിശ്രമകേന്ദ്രങ്ങള്‍, പൊതുജനങ്ങള്‍ക്കുള്ള കിണറുകള്‍ തുടങ്ങിയവയെല്ലാം വിശ്വാസികള്‍ വഖഫായി നല്‍കാറുണ്ട്. ഏകദൈവാരാധകരായ, പരലോകവിശ്വാസമുള്ള, കൃത്യമായി നമസ്‌കരിക്കുന്ന, സകാത്ത് നല്‍കുന്ന വിശ്വാസികളാണ് ഇത്തരം വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യേണ്ടത്. നമ്മുടെ നാട്ടില്‍ മഹല്ല് കമ്മിറ്റികളോ, ഖാളിമാരോ വഖഫ് ബോര്‍ഡോ ആണ് നിലവില്‍ ഇതൊക്കെ നിയന്ത്രിച്ചു വരുന്നത്.
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ വഖഫ് നിയമം വഖഫിന്റെ ഉദ്ദേശങ്ങള്‍ തന്നെ തകിടം മറിക്കാന്‍ ഇടയാക്കുന്നതാണ്. ഇനി മുതല്‍ സര്‍ക്കാരിന് ഒരു പരാതി ലഭിച്ചാല്‍ ഉടനടി അത് വഖഫ് സ്വത്ത് അല്ലാതാകും. നിലവില്‍ എന്തെങ്കിലും പരാതികളുയര്‍ന്നാല്‍ അത് പരിഹരിക്കുന്നത് വഖഫ് ബോര്‍ഡ് ആണെങ്കില്‍ ഇനിയത് ജില്ലാ കളക്ടര്‍മാരാകും. ചുരുങ്ങിയത് രണ്ടു അമുസ്ലിങ്ങള്‍ ബോര്‍ഡിലുണ്ടാകണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ഇനി മുതല്‍ ഒരാള്‍ക്ക് സ്വത്ത് വഖഫ് ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 5 വര്‍ഷം അയാള്‍ നല്ല മുസ്ലിം ആണെന്ന് തെളിയിക്കണം. ഇത്തരം വ്യവസ്ഥകളെല്ലാം വഖഫ് സ്വത്തുക്കള്‍ ഭാവിയില്‍ നഷ്ടപ്പെടാനുള്ള സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. എന്നാല്‍ കേരള സംസ്ഥാനം തന്നെ നിലവില്‍ വരുന്നതിന് മുന്‍പ് ഫാറൂഖ് കോളേജിന് ലഭിച്ച മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെടുത്തി ഇതൊക്കെ ന്യായീകരിക്കാനും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുവാനുമാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 'നന്ദിബോധത്തിന്റെ ജീവിത സൗന്ദര്യം' എന്ന വിഷയത്തില്‍ ഐ എസ് എം മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് നൗഷാദ് ഉപ്പട പ്രഭാഷണം നിര്‍വ്വഹിച്ചിരുന്നു. കോടികള്‍ വിലവരുന്നതാണ് നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും. അതിനാല്‍ നമ്മുടെ ശരീരമെന്ന ഈ വലിയ അനുഗ്രഹത്തിന് മാത്രം അതിന്റെ സൃഷ്ടാവിനോട് എത്ര നന്ദി കാണിച്ചാലും മതിയാകില്ലെന്നും അദ്ദേഹം ഉണര്‍ത്തി.
അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫല്‍ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
ഫോട്ടോ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഐഎസ്എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തന്‍സീര്‍ സ്വലാഹി സംസാരിക്കുന്നു.
Related News