ജിദ്ദ: കൊല്ലം സ്വദേശിയുടെ മകള്‍ ജിദ്ദയില്‍ മരിച്ചു. ജിദ്ദ എം.ബി.എല്‍ കമ്പനിയില്‍ എന്‍ജിനീയറായ കൊല്ലം പള്ളിമുക്ക് സനു മന്‍സിലില്‍ എം.ബി. സനൂജിന്റെ മകള്‍ റയ്യ സനൂജ് (9) ആണ് മരിച്ചത്. ഹൈപര്‍ തൈറോയിഡ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഏതാനും വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. സ്വകാര്യ ഓണ്‍ലൈന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. വെഞ്ഞാറമൂട് ഉഷസ്സില്‍ ഹാഷിമിന്റെ മകള്‍ മിനിയാണ് മാതാവ്. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി റിദ സനൂജ് ഏക സഹോദരിയാണ്.
വെള്ളിയാഴ്ച രാവിലെ കിടക്കയില്‍ അബോധാവസ്ഥയില്‍ കണ്ട കുട്ടിയെ ഉടന്‍ തന്നെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിനുശേഷം റുവൈസിലെ കുട്ടികള്‍ക്കുള്ള ഖബര്‍സ്ഥാനില്‍ ഖബറടക്കി. പോലീസില്‍നിന്നും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നുമുള്ള രേഖകള്‍ ശരിയാക്കുന്നതിന് കെ.എം.സി.സി നേതാവ് മുഹമ്മദ് കുട്ടി പാണ്ടിക്കാട്, കൊല്ലം പ്രവാസി സംഗമം ജിദ്ദ ഭാരവാഹി ഷാനവാസ് തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു.
Related News