മക്ക: സൗദി അറേബ്യയിലെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഹജ്ജ് പ്രവേശന ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങി. വിശുദ്ധ മക്കയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ താമസക്കാരും ബുധനാഴ്ച, 25 ശവ്വാല്‍ 1446 (ഏപ്രില്‍ 23, 2025) മുതല്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ഔദ്യോഗിക അനുമതി പത്രം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാത്ത താമസക്കാരെ മക്കയിലേക്കുള്ള സുരക്ഷാ ചെക്ക്പോസ്റ്റുകളില്‍നിന്നു തിരിച്ചയയ്ക്കും.
ഹജ്ജ് സീസണില്‍ വിശുദ്ധ തലസ്ഥാനത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും തീര്‍ഥാടകരുടെ സുഗമമായ ചലനവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
അംഗീകൃത അതോറിറ്റി നല്‍കുന്ന പുണ്യസ്ഥലങ്ങളിലെ ജോലിക്കോ, മക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താമസ പെര്‍മിറ്റോ, ഔദ്യോഗിക ഹജ്ജ് പെര്‍മിറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും മക്കയിലേക്കു പ്രവേശനം. സാധുവായ പ്രവേശന പെര്‍മിറ്റ് കൈവശം വയ്ക്കാത്ത വാഹനങ്ങള്‍ക്കും താമസക്കാര്‍ക്കും പ്രവേശനം നിഷേധിക്കുമെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.
ഹജ്ജ് സീസണില്‍ മക്കയിലേക്കുള്ള പ്രവേശന പെര്‍മിറ്റുകള്‍ ''അബ്ശിര്‍'' പ്ലാറ്റ്ഫോമിലൂടെയും ''മുഖീം'' പോര്‍ട്ടലിലൂടെയും ഇലക്ട്രോണിക് രീതിയില്‍ ലഭ്യമാണ്.
Related News