ജിദ്ദ: സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാനുള്ള മുസ്ലിം സമൂഹത്തിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനും വഖഫ് ആസ്തികളില്‍ അവര്‍ക്കുള്ള നിയന്ത്രണം ഇല്ലാതാക്കുന്നതിനുമുള്ള നിയമ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഒളിഞ്ഞിരിക്കുന്ന മറയാണ് നിര്‍ദ്ദിഷ്ട വഖഫ് ഭേദഗതികള്‍.
സാമൂഹികമായ ഉന്നമനത്തിനു വേണ്ടിയുള്ള മാറ്റങ്ങളായിരുന്നു ഉദ്ദേശ്യമെങ്കില്‍ അത് ബലപ്രയോഗത്തിലൂടെയല്ല, കൂടിയാലോചനയിലൂടെയാണ് പരിഷ്‌കരിക്കേണ്ടത്. മുസ്ലിം ന്യൂനപക്ഷ അവകാശങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നതിന്റെ അപകടകരമായ സമീപനമാണ് തീവ്ര വലത് പക്ഷ ഗവണ്മെന്റ് പുലര്‍ത്തിപോരുന്നത്. രാജ്യത്തെ മുസ്ലീങ്ങളെ പീഡിപ്പിക്കാനും അവരെ രണ്ടാംതരം പൗരന്മാരുടെ അവസ്ഥയില്‍ നിലനിര്‍ത്താനുമുള്ള മറ്റൊരു ശ്രമമാണിത്. മുസ്ലീങ്ങളെ അരികുവല്‍ക്കരിക്കുകയും അവരുടെ സാമൂഹിക-സാമ്പത്തിക ചലനശേഷി പരിമിതപ്പെടുത്തുകയും ചെയ്യുക എന്നത് ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്ര ദൗത്യവുമാണ്, അതാണ് വഖഫ് ഭേദഗതിയിലൂടെ പുറത്ത് വന്നിരിക്കുന്നത്.
വഖഫ് ഭേദഗതി ബില്ല് മുസ്ലീം സമൂഹത്തിന്റെ അധികാരത്തെയും മതപരമായ ദാനങ്ങളുടെ സംരക്ഷണത്തെയും ദുര്‍ബലപ്പെടുത്തുന്നു. ഈ നീക്കം മുസ്ലീങ്ങളുടെ മതപരമായ സ്വയംഭരണത്തെ മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിംങ്ങളുടെ മത സാമൂഹിക സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്ന വഖഫിന്റെ ലക്ഷ്യത്തെ ഭീഷണിപ്പെടുത്തുന്നു. രാജ്യത്തുടനീളമുള്ള, പിന്നോക്കമായി നില്‍ക്കുന്ന മുസ്ലീം സമൂഹത്തെ സേവിക്കുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ ലക്ഷ്യം വെച്ചുള്ള അനേകം വഖഫ് സ്വത്തുക്കളുണ്ട്, അത് തകര്‍ക്കുക വഴി പിന്നോക്കം നില്‍ക്കുന്ന ഒരു സമൂഹത്തെ കൂടുതല്‍ അപകടകരമായ അവസ്ഥയിലാണ് എത്തിക്കുക.
ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന് നേരെയുള്ള ഒരു വ്യവസ്ഥാപിത ആക്രമണമായ വഖഫ് ഭേദഗതി ബില്ലിനെതിരെ സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. നിര്‍ദ്ദിഷ്ട വഖഫ് ബില്ലിനെ എതിര്‍ക്കാനും ന്യൂനപക്ഷ അവകാശങ്ങള്‍, ഭരണഘടനാപരമായ സംരക്ഷണങ്ങള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മതേതര ഘടന എന്നിവ സംരക്ഷിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളോടും ഇന്ത്യന്‍ സിവില്‍ സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നതായും കമ്മിറ്റി പറഞ്ഞു.
Related News