ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എക്‌സാലോജിക് സിഎംആര്‍എല്‍ ഇടപാടുകളില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കിയത്. ഇതോടെ വീണ കേസില്‍ പ്രതിയാകും. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്.എഫ്.ഐ.ഒ) പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ക്രമക്കേട് വ്യക്തമായതോടെ കേസുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയത്തിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ മകള്‍ വീണക്കു പുറമെ, സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം (ഫിനാന്‍സ്) പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയത്. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സി.എം.ആര്‍.എല്ലും സഹോദര സ്ഥാപനവും കേസില്‍ പ്രതികളാണെന്ന് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തില്‍ പറയുന്നു.
സേവനം നല്‍കാതെ വീണ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒയുടെ കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. കൂടാതെ, വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
Related News