കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് തുടരാമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതു സംസ്ഥാന സര്‍ക്കാരിന് ആശ്വാസാണ്. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കുമെന്നും ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നേരത്തേ വഖഫ് സംരക്ഷണവേദി സമര്‍പ്പിച്ച ഹരജിയില്‍ ജുഡീഷ്യല്‍ കമീഷന്‍ നിയമനം റദ്ദാക്കി സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത്, ജുഡീഷ്യല്‍ കമീഷന്‍ കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരജി നല്‍കുകയായിരുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ മാത്രമാണ് കമ്മീഷനെ നിയമിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കമ്മീഷന് ജുഡീഷ്യല്‍ അധികാരങ്ങളില്ല. കമ്മീഷന്‍ ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ പൊതുതാല്‍പര്യമുണ്ടെന്നും ക്രമസമാധാന പ്രശ്‌നം എന്ന നിലയിലും കമ്മീഷന്റെ പ്രവര്‍ത്തനം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതോടൊപ്പം, കമ്മീഷന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Related News