ദോഹ : വൈറസ് മൂലമുള്ള അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് (RSV) വാക്‌സിന്‍ എടുക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പൊതുജനങ്ങളോട് നിര്‍ദേശിച്ചു. പ്രത്യേകിച്ച്, പ്രതിരോധ ശേഷി കുറഞ്ഞ ദുര്‍ബല. വിഭാഗങ്ങളില്‍ പെട്ടവര്‍ വാക്‌സിന്‍ എടുക്കണമെന്നാണ് നിര്‍ദേശം.
ഗുരുതരമായ രോഗങ്ങളും ആശുപത്രിവാസവും തടയുന്നതിനും, ജീവന് ഭീഷണിയായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ആര്‍എസ്വി വാക്‌സിന്‍ എടുക്കുന്നതിലൂടെ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി., കുറഞ്ഞത് രണ്ട് വര്‍ഷത്തോളം വൈറസ് ബാധയെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളതാണ് ആര്‍എസ്വി വാക്‌സിന്‍.പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന് (ജഒഇഇ) കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാണ്.
RSV വാക്‌സിന്‍ ഉപയോഗിച്ച് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുകയെന്ന പേരില്‍ പൊതുജനാരോഗ്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.. RSV വാക്‌സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് നിങ്ങളുടെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കുകയോ 107 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാമെന്നും മന്ത്രാലയം സമൂഹ മാധ്യമ കാമ്പയിനില്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു.
ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന സാധാരണ വൈറസായ ആര്‍എസ്വി, മൂക്കൊലിപ്പ്, ചുമ, നേരിയ പനി തുടങ്ങിയ ജലദോഷ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ ജലദോഷത്തില്‍ നിന്നോ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് വൈറസുകളില്‍ നിന്നോ ആര്‍എസ്വിയെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍,ആന്റിജന്‍ പരിശോധനയിലൂടെ ആര്‍എസ്വി വൈറസിനെ കണ്ടെത്താന്‍ കഴിയും.
ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് RSV, കൂടാതെ പ്രായമായവരില്‍ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇത് കാരണമാകുന്നു. ഓരോ വര്‍ഷവും, RSV മൂലം 3.6 ദശലക്ഷത്തിലധികം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും 5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 100,000 മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.
Related News