റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനമോ മെയ് ആദ്യവാരമോ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും. മിക്കവാറും ഏപ്രില്‍ 22ന് സൗദിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ്അന്തിമ തീരുമാനം ആയിട്ടില്ല. സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വര്‍ധിപ്പിക്കുന്നതിനാണ് മോദിയുടെ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള സന്ദര്‍ശനം. 2014 മെയില്‍ അധികാരമേറ്റശേഷം, മോദി രണ്ടുതവണ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2016 ഏപ്രിലിലും 2019 ഒക്ടോബറിലു നടത്തിയ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനും നിരവധി കരാറുകളില്‍ ഒപ്പുവെക്കുന്നതിനും സഹായിച്ചിരുന്നു. ഒട്ടേറെ നിക്ഷേപാവസരങ്ങള്‍ക്കും സന്ദര്‍ശനം വഴിയൊരുക്കി. ഇക്കുറിയും മോദിയോടൊപ്പം മന്ത്രിമാരാടക്കമുള്ള വന്‍ പ്രതിനിധി സംഘവുണ്ടാകാനിടയുണ്ട്.
സൗദിയിലെത്തുന്ന മോദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തും. ഇരുവരുമായുള്ള ചര്‍ച്ചയില്‍ ഐഎംഇഇസി, ഇസ്രയേല്‍-ഹമാസ് പ്രതിസന്ധി, വാണിജ്യ, വാവസായിക കരാറുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകും.
2016 ലെ മോദിയുടെ ആദ്യ സൗദി സന്ദര്‍ശനം സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ക്ഷണപ്രകാരമായിരുന്നു. ബെല്‍ജിയവും അമേരിക്കയും ഉള്‍പ്പെടുന്ന മൂന്ന് രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായിരുന്നു അത്. ഊര്‍ജ്ജ സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം, സാമ്പത്തിക സഹകരണം, പ്രതിരോധ സഹകരണം, ഇന്റലിജന്‍സ് സഹകരണം, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങി നിരവധി കരാറുകളില്‍ ഏര്‍പ്പെടാന്‍ ദ്വിദിന സന്ദര്‍ശനംകൊണ്ട് കഴിഞ്ഞിരുന്നു. അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കിംഗ് അബ്ദുല്‍ അസീസ് അവാര്‍ഡ് അന്ന് സല്‍മാന്‍ രാജാവ് മോദിക്കു സമ്മാനിച്ചിരുന്നു.
2019 ഒക്ടോബറില്‍, റിയാദില്‍ നടന്ന മൂന്നാമത്തെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) ഫോറത്തോടനുബന്ധിച്ച്, സല്‍മാന്‍ രാജാവിന്റെ ക്ഷണപ്രകാരമാണ് മോദി സൗദി അറേബ്യയിലേക്ക് തന്റെ രണ്ടാമത്തെ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശന വേളയില്‍, എഫ്ഐഐ ഫോറത്തില്‍ മോദി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക സഹകരണം എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി മോദിയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അധ്യക്ഷനായ ഇന്ത്യ-സൗദി തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ ആരംഭിച്ചു.
Related News