കൊച്ചി: വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റിലും രാജ്യസഭയിലും പാസായതിനു പിന്നാലെ മുനമ്പത്ത് സമരം നടത്തുന്നവരില്‍ 50 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
മുനമ്പത്ത് എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് 50 പേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബില്‍ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്ന് സമിതി അറിയിച്ചു. ബില്‍ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും അടുത്ത ദിവസം മുനമ്പത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോട്ടോ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സമരപന്തലില്‍.
Related News