ദോഹ: പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്ത് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) പരിപാടി അവതരിപ്പിക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അഭ്യൂഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിക്കുന്നു. ഒമര്‍ ഖൈരത്ത് തങ്ങളുടെ വേദിയില്‍ പരിപാടി അവതരിപ്പിക്കുമെന്ന വാര്‍ത്ത ക്യുഎന്‍സിസി ഔദ്യോഗികമായി നിഷേധിച്ചു. വ്യാജപരിപാടികളുടെ പേരില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വില്‍പന നടത്തി പണം തട്ടുന്ന സംഘമാണ് പ്രചാരണത്തിന് പിന്നിലെന്നാണ് സൂചന.
അംഗീകൃത ടിക്കറ്റിംഗ് ബോക്‌സ് ഓഫീസ് വില്‍പ്പന കേന്ദ്രമാണെന്ന് അവകാശപ്പെടുന്ന 'ticketinboxoffice' എന്ന വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് തെറ്റായ പ്രഖ്യാപനം ഉണ്ടായത്. സംഗീത പ്രേമികളായ ഉപയോക്താക്കള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം കൈമാറുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരം പ്രചാരണം നടത്തുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ആളുകളുടെ ഐഡന്റിറ്റിയും പണവും തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ ഒടുവിലത്തേതാണ് ഇത്.
പ്രശസ്ത ഈജിപ്ഷ്യന്‍ സംഗീത സംവിധായകന്‍ ഒമര്‍ ഖൈരത്ത് 2025 ഏപ്രില്‍ 11 ന് ക്യുഎന്‍സിസിയുടെ അല്‍ മയാസ തിയേറ്ററില്‍ കച്ചേരി നടത്തുമെന്ന് അറിയിച്ചാണ് വ്യാജ ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്‌ഫോം വഴി പണം തട്ടാന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ ക്യുഎന്‍സിസിയുടെ ഔദ്യോഗിക അക്കൗണ്ട് പ്രകാരം ഇത്തരമൊരു പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 2025 ഏപ്രില്‍ 11 ന് ഇത്തരമൊരു സംഗീതപരിപാടി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ഷെഡ്യുള്‍ ചെയ്തിട്ടില്ല.
Related News