മക്ക: ഈ വര്‍ഷത്തെ ഹജ് സീസണിനായുള്ള പദ്ധതികളും തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനായി ഹജ്, ഉംറ സ്ഥിരം സമിതിയുടെ ആദ്യ യോഗം മക്കയില്‍ ചേര്‍ന്നു. മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ അധ്യക്ഷത വഹിച്ചു.
ഹജ് വേളയില്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളിലും നടത്തി വരുന്ന തയ്യാറെടുപ്പും ഏകോപനവും വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ സൗദി മിഷാല്‍ രാജകുമാരന്‍ നല്‍കുകയും ചെയ്തു.
തീര്‍ത്ഥാടകര്‍ക്ക് കര്‍മ്മങ്ങള്‍ അനായാസമായും മനസ്സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും നിര്‍വഹിക്കുന്നതിന് എല്ലാ വിഭവങ്ങളും സമാഹരിക്കുന്നതിലും സൗകര്യമൊരുക്കുന്നതിലും സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് സൗദ് ബിന്‍ മിഷാല്‍ രാജകുമാരന്‍ വ്യക്തമാക്കി.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും താപനില കുറയ്ക്കുന്നതിനും തണലേകുന്നതിനും 10,000 മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വനവല്‍ക്കരണവും പച്ചപ്പ് നിറഞ്ഞ സംരംഭങ്ങളും നടത്തി വരരുന്നതും യോഗം വിലയിരുത്തി. ഹജ് സുഗമമായി നടത്തുന്നതിനാവശ്യമായ മറ്റു നിരവധി പദ്ധതികളും പൂര്‍ത്തിയായിവരികയാണ്. പുതുതായി നിര്‍വഹിക്കേണ്ട കാര്യങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുകയും ചെയ്തു.
Related News