ദുബായ്: യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിക്ക് പകരം ബയോമെട്രിക് സാങ്കേതികവിദ്യ (ഫേഷ്യല്‍ റെക്കഗ്നിഷന്‍) വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പദ്ധതി അടുത്തവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. പരീക്ഷണം വിജയകരമാണെന്നും എല്ലാ മേഖലകളിലും പൂര്‍ണ തോതില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഏര്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. ഇതോടെ എമിറേറ്റ്‌സ് ഐഡി എന്ന സംവിധാനം തന്നെ ഇല്ലാതാകും.
സര്‍ക്കാര്‍, ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍സ്, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഇന്‍ഷുറന്‍സ് തുടങ്ങിയ സുപ്രധാന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. പിന്നീട് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. പുതിയ സംവിധാനം സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങലും തേടും. സുരക്ഷ, കൃത്യത, സൗകര്യം എന്നിവയാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്നും ഐസിപി വ്യക്തമാക്കി.
ദുബായ്, അബുദാബി തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനം വിജയകരമാണ്. ഇതു മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ തട്ടിപ്പും മറ്റും തടയാനാവും. സമ്പൂര്‍ണ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനവും സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
Related News