ജിദ്ദ: സൗദിയില്‍ മിക്കയിടങ്ങളിലും അടുത്ത ദിവസങ്ങളിലും മഴ തുടരും. തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെയുള്ള ദിവസങ്ങള്‍ മഴയുടേതായിരിക്കും. മറ്റിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളില്‍ ഇത് തന്നെയായിരിക്കും സ്ഥിതി. വ്യത്യസ്ത തോതിലായിരിക്കും പലപ്പോഴായുള്ള വര്‍ഷപാതം.
ഇത് സംബന്ധിച്ച പ്രവചനം കാലാവസ്ഥാ വിദഗ്ദ്ധന്‍ അഖീല്‍ അല്‍അഖീല്‍ പുറപ്പെടുവിച്ചു. സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിശകലന വിദഗ്ധനാണ് അഖീല്‍. ശനിയാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം തലസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പ്രത്യേകിച്ച് റിയാദിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. ഈ മൂന്ന് ദിവസങ്ങളില്‍ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കുമെന്നുമാണ് പ്രവചനം.
വ്യാഴാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വരെ മഴ തുടരുമെന്നും, ജസാനിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതെന്നും അല്‍അഖീലിന്റെ പ്രവചനത്തില്‍ പെടുന്നു. മിതമായത് മുതല്‍ കനത്തത് വരെ, ഇടയ്ക്കിടെ ഒക്കെയായിരിക്കും മഴയെന്നും അദ്ദേഹം വിശദീകരിച്ചു.
ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍ പൊതുവിലും, പ്രത്യേകിച്ച് അവിടുത്തെ കിഴക്കന്‍ പ്രദേശങ്ങളായ ബിഷ, തത്ലിത്ത് എന്നിവിടങ്ങളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും ഇത് മേഖലയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും അഖീല്‍ അല്‍അഖീല്‍ ചൂണ്ടിക്കാട്ടി.
മക്ക മേഖലയിലും സമാനമായ സ്ഥിതി തന്നെയായിരിക്കും. പ്രത്യേകിച്ച്, മക്കാ പ്രവിശ്യയില്‍ പെടുന്ന ത്വായിഫ് - റിയാദ് ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലും വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നീണ്ടുനില്‍ക്കുന്ന മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഔദ്യോഗികമായി നിലനില്‍ക്കുന്ന മറ്റൊരു കാലാവസ്ഥാ പ്രവചന പ്രകാരം വ്യാഴാഴച രാജ്യത്തെ ഏഴ് മേഖലകളില്‍ മഴയുടെ കാലാവസ്ഥയായിരിക്കും. റിയാദിന് പുറമെ, മക്ക, അസീര്‍, ജീസാന്‍, നജ്റാന്‍, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വര്‍ഷപാതമായും പൊടിക്കാറ്റായും ദൃശ്യപരത തടസ്സപ്പെടും കലുഷിതമായിരിക്കും കാലാവസ്ഥ. ഇതിനെ തുടര്‍ന്ന്, നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പലയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
- അക്ബര്‍ പൊന്നാനി
Related News