പൊന്നാനി: സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളില്‍ കേരളം അടക്കം രാജ്യമൊന്നാകെ ഒട്ടും ശുഭകരമല്ലാത്ത പ്രവണതകളാണ് അലയടിച്ചു കൊണ്ടിരിക്കുന്നതെന്നും രാഷ്ട്രം ഇതുവരെ സൂക്ഷിച്ചുപോന്ന മൂല്യങ്ങളെ തകിടം മറിച്ചു കൊണ്ടുള്ള സംഭവ വികാസങ്ങള്‍ക്കെതിരെ മതസൗഹാര്‍ദവും നീതിപാലനവും പുരോഗതിയും ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളും മറ്റെല്ലാ പക്ഷാന്തരങ്ങളും മറന്ന് ഒന്നിച്ചു നീങ്ങാന്‍ ഇനിയും വൈകരുതെന്നും പൊന്നാനിയിലെ സാമൂഹ്യ സംഘടനകളുടെ പൊതുവേദിയായ 'ജനകീയ കൂട്ടായ്മ' ഓര്‍മപ്പെടുത്തി.
വര്‍ഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകള്‍ അരങ്ങു തകര്‍ക്കുകയാണ് എങ്ങും. ഇവ മിക്കവാറും മുഴുവനായും ചില പ്രത്യേക കോണുകളില്‍ നിന്നാണെങ്കിലും അവരുടെ ജനതയുടെ പൊതുബോധത്തെ അത്തരം വിദ്രോഹ പ്രസ്താവനകള്‍ പ്രതിനിധീകരിക്കുന്നില്ലെന്നും ഐക്യവേദി ചൂണ്ടിക്കാട്ടി. എതിര്‍ ശബ്ദങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധബുദ്ധി രാഷ്ട്ര നന്മയെയോ പുരോഗതിയെയോ അല്ല പ്രതിഫലിപ്പിക്കുന്നത്, കുടിലമായ അഹങ്കാരം മാത്രമാണത്. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് വിമത ശബ്ദങ്ങള്‍ ഉള്ളവര്‍ക്കെതിരെ കള്ളക്കേസുകളില്‍ കുടുക്കുക, നിയമത്തെ നോക്കുകുത്തിയാക്കി പാവങ്ങളുടെ പാര്‍പ്പിടങ്ങളും സ്വത്തുക്കളും ഇടിച്ചു നിരപ്പാക്കാന്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുക മുതലായവയും അരങ്ങു തകര്‍ക്കുകയാണ്.
മുസ്ലിം ന്യൂനപക്ഷത്തിന്റെ മതാചാരണത്തിന്റെ അടിസ്ഥാനത്തിലുള്ള വഖഫ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അന്യായമായ കടന്നു കയറ്റം നിലവിലെ രാജ്യത്തെ സാമൂഹ്യ അവസ്ഥകളെ ഒട്ടും അഭികാമ്യമായ അവസ്ഥയിലേക്കല്ല എത്തിച്ചിരിക്കുന്നത്. നിരപരാധികളെ കൊന്നുതള്ളുന്ന ഇസ്രായിലിനേയും ഇന്ത്യക്ക് അധിക തീരുവ ചുമത്തുന്ന അമേരിക്കയെയും വാരിപ്പുണരുകയും ചെയ്യുന്നതും ജനാധിപത്യപരമായ വിധത്തില്‍ എതിര്‍ത്ത് തോല്‍പ്പിക്കപ്പെടേണ്ട പ്രവണതകളാണെന്നും ജനകീയ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി.
ചെയര്‍മാന്‍ ഉസ്താദ് കെ എം മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് മൗലവി അയിലക്കാട്, ഇസ്മാഈല്‍ അന്‍വരി, ഷാഹുല്‍ ഹമീദ്, ഇ കെ ഉമര്‍ തുടങ്ങിയവരും സംസാരിച്ചു.
Related News