ന്യൂദല്‍ഹി- കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ഇന്ത്യയില്‍ തിരിച്ചെത്തുകയും, ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍. നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധം. ഇന്ത്യയിലെത്തിയ ഉടന്‍ തന്നെ ദിപ്‌കെയും അനുയായികളും പ്രതിഷേധ സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകള്‍ എന്ന് ഉപമിച്ച പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒരു പരിഹാസ കാമ്പെയ്നായിട്ടാണ് ഈ കൂട്ടായ്മ ആരംഭിച്ചത്. വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടാന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞു. എന്നാല്‍, ഓണ്‍ലൈനിലൂടെ ലഭിച്ച ഈ വന്‍ പിന്തുണയെ കൃത്യമായി സംഘടിപ്പിക്കപ്പെട്ട ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് സാധിക്കുമോ എന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതുണ്ട്. പ്രതിഷേധ പ്രകടനം നടത്തുന്നതിനായി കോക്രോച്ച് ജനതാ പാര്‍ട്ടി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച് ഡല്‍ഹി പോലീസ് ജന്തര്‍ മന്തറില്‍ പ്രകടനത്തിനുള്ള അനുമതി നല്‍കിയിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജന്തര്‍ മന്തറിലും പരിസര പ്രദേശങ്ങളിലും പോലീസ് ഒരുക്കിയിരിക്കുന്നത്.
Related News