കൊല്ലം: കുവൈത്തില്‍ പ്രവാസിയായ ഭര്‍ത്താവ് നാളെ വരാനിരിക്കെ യുവതി രണ്ടു മക്കളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീക്കൊളുത്തി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് ആണ് സംഭവം. പുത്തന്‍കണ്ടത്തില്‍ താര ജി. കൃഷ്ണ (36) മക്കളായ ടി.അനാമിക (7), ടി. ആത്മിക (ഒന്നര) എന്നിവരാണ് മരിച്ചത്. മക്കളെ തീകൊളുത്തിയ ശേഷം താര ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ കുടുംബവുമായുള്ള കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് ഉച്ചയ്ക്ക് 3.30ന് ആദിനാട് കൊച്ചുമാമൂട് ജംഗ്ഷനു വടക്കു ഭാഗത്തുള്ള വാടകവീട്ടില്‍ വച്ചാണ് ആത്മഹത്യശ്രമം നടന്നത്. ഒന്നര വര്‍ഷമായി താരയും കുടുംബവും ഇവിടെയാണ് താമസിച്ചിരുന്നത്. മകളോടൊപ്പം വീട്ടിലുണ്ടായിരുന്ന പിതാവ് ഗോപാലകൃഷണന്‍ സമീപത്തെ കടയില്‍ പോയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ താരയും രണ്ടുമക്കളും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. നിലവിളിയും പുകയുമുയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ മുറിയുടെ കതകു തുറന്ന് മൂന്നുപേരെയും പുറത്തെത്തിക്കുകയായിരുന്നു. കരുനാഗപ്പള്ളി അഗ്‌നിശമനസേന എത്തിയാണ് മുറിയിലെ തീയണച്ചത്. ഉടനെ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആദ്യം താരയും പിന്നീട് മക്കളും മരിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി താര ഭര്‍ത്താവിന്റെ കുടുംബവീടായ കാട്ടില്‍ക്കടവിന് സമീപമുള്ള വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരന്‍ കരുനാഗപ്പള്ളി പോലീസിനെ അറിയിക്കുകയും, പോലീസ് എത്തി താരയെ ആശ്വസിപ്പ് വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. വാടക വീട്ടിലെത്തിയതിന് പിന്നാലെ താര മക്കളുമായി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയെന്ന് താരയുടെ ഭര്‍ത്താവ് സഹോദരനെ അറിയിച്ചിരുന്നു. സഹോദരന്‍ ഇക്കാര്യം കരുനാഗപ്പള്ളി പോലീസിനെ അറിയിച്ചു. പിന്നാലെ വനിതാസെല്ലില്‍ നിന്ന് പൊലീസെത്തി താരയുമായി സംസാരിക്കുകയും ഭര്‍ത്താവുമായി അടുത്ത ദിവസം സ്റ്റേഷനിലെത്തി പരാതി നല്‍കിയാല്‍ ഇരുകൂട്ടരെയും വിളിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് തിരികെപ്പോകുകയുമായിരുന്നു. അതിനുശേഷമാണ് താരയും മക്കളും തീക്കൊളുത്തിയത്.
Related News