റിയാദ്: കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ കേസില്‍ കോടതി നടപടികളുമായി ബന്ധപ്പെട്ട സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായിട്ടുള്ളതെന്നും റഹീം നിയമ സഹായ സമിതിക്കു നേരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും റിയാദ് സഹായ സമിതി. സുപ്രധാന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കേസിന്റെ ഇതുവരെയുള്ള നാള്‍വഴികള്‍ വിശദീകരിക്കാന്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമിതി ഭാരവാഹികള്‍. വൈകാതെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള വധശിക്ഷ റദ്ദായ ശേഷം പബ്ലിക് റൈറ്റ് പ്രകാരമുള്ള കോടതി നടപടികളാണ് തുടരുന്നത്. അതിന്റെ സിറ്റിങ്ങിനിടയില്‍ തുടക്കം മുതലുള്ള കേസ് ഡയറിയുടെ ഒറിജിനല്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ഡയറി കോടതിയില്‍ എത്താനെടുത്ത സ്വാഭാവിക കാലതാമസമാണ് പിന്നീട് സിറ്റിങ്ങുകളുടെ മാറ്റിവെക്കലിന് കാരണമായതെന്നും സമിതി ഭാരവാഹികള്‍ വിശദീകരിച്ചു.
2024 ഒക്ടോബര്‍ മുതല്‍ 2025 ഏപ്രില്‍ 14 വരെ 11 തവണ കോടതി ചേര്‍ന്ന വേളയില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍, തീരുമാനങ്ങള്‍, കോടതി രേഖപ്പെടുത്തിയ വിശദമായ മിനിറ്റ്‌സ് എന്നിവ സഹായക സമിതി മാധ്യമ പ്രവത്തകരുടെ മുമ്പില്‍ ഹാജരാക്കി.
ഇനി മെയ് അഞ്ചിനാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ അസ്വാഭാവികമായി ഒന്നും സംഭവിക്കുന്നില്ലെന്നും കഴിഞ്ഞ വര്‍ഷം ദിയ ധനം സ്വീകരിച്ച് കുടുംബം മാപ്പ് നല്‍കിയതോടെ പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസ് അവസാനിച്ചു. അവശേഷിക്കുന്നത് പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസാണ്. ഇതിലാണ് ഇനി വിധിതീര്‍പ്പുണ്ടാകേണ്ടത്.
മെയ് അഞ്ചിന് രാവിലെ 10-നുള്ള സിറ്റിങ്ങില്‍ കോടതിയുടെ നിരീക്ഷണം അറിയാനാണ് കാത്തിരിക്കുന്നതെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍, റഹീം സമിതി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറര്‍ സെബിന്‍ ഇഖ്ബാല്‍, വൈസ് ചെയര്‍മാന്‍ മുനീബ് പാഴൂര്‍, സുരേന്ദ്രന്‍ കൂട്ടായി, കുഞ്ഞോയി കോടമ്പുഴ, മുഹിയുദ്ധീന്‍ ചേവായൂര്‍, നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ വിശദീകരണ യോഗത്തില്‍ പങ്കെടുത്തു.
Related News