ചില നിമിഷങ്ങള്‍ കായിക ചരിത്രത്തിന്റെ താളുകളില്‍ വെറുമൊരു മത്സരഫലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. മറിച്ച് പതിറ്റാണ്ടുകളോളം ഒരു രാജ്യത്തെ ഒറ്റയ്ക്ക് തോളിലേറ്റിയ ഒരു ഇതിഹാസത്തിന്റെ ആത്മാവിനേല്‍ക്കുന്ന ആഴത്തിലുള്ള മുറിവുകളെയും കാലം അടയാളപ്പെടുത്തും. താന്‍ ചോരയും നീരും നല്‍കി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലന ക്യാമ്പില്‍ നിന്ന് ഹൃദയവേദനയോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയപ്പോള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മനുഷ്യരുടെ ഹൃദയം വേദനിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മടങ്ങുമ്പോള്‍ അദ്ദേഹം കുറിച്ച 'സത്യം ഒരുനാള്‍ പുറത്തുവരും' എന്ന ആ വാക്കുകളില്‍, താന്‍ പ്രാണനേക്കാളേറെ സ്‌നേഹിച്ച സ്വന്തം നാട് ഒടുവില്‍ തനിക്കുനേരെ വെച്ചുനീട്ടിയ കടുത്ത നന്ദികേടിന്റെയും അവഗണനയുടെയും വേദനയുണ്ടായിരുന്നു.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പേര് ഒരു താരത്തിന്റേത് മാത്രമല്ല; മറിച്ച് അതൊരു പ്രതിഭാസവും സംസ്‌കാരവും കൂടിയാണ്. ഒപ്പം കാല്‍പന്താട്ടത്തില്‍ ഒരു മേല്‍വിലാസവുമില്ലാതിരുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെ അടയാളവുമാണ്. ദാരിദ്ര്യം വീടിന്റെ മേല്‍ക്കൂരയായിരുന്ന, വിശപ്പ് നിത്യവിരുന്നുകാരനായിരുന്ന ഒരു സാധാരണ കുടുംബത്തിലേക്ക് നാലാമത്തെ മകനായി റൊണാള്‍ഡോ ജനിച്ചുവീഴുമ്പോള്‍ ആ വീട് പോലും അവനെ സ്വാഗതം ചെയ്തത് വലിയ പ്രതീക്ഷകളോടെ ആയിരുന്നില്ല. പിതാവ് ജോസ് ഡിനിസ് അവീറോ ഒരു തോട്ടക്കാരനായിരുന്നു. അമ്മയായ മരിയ ഡോളോറസ് അയല്‍പക്കത്തുള്ള സമ്പന്ന വീടുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം പാകം ചെയ്തുമാണ് ആ കുടുംബം പുലര്‍ത്തിയിരുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശരിയായി ഉറങ്ങാന്‍ സ്വന്തമായി ഒരു മുറി പോലുമില്ലാതിരുന്ന ബാല്യത്തില്‍ ക്രിസ്റ്റ്യാനോ എന്ന ബാലന്റെ ഏക ആശ്വാസം ഒരു പഴയ തുകല്‍പന്തായിരുന്നു. കീറിയ ബൂട്ടും തുന്നിക്കെട്ടിയ പന്തുമായി ഫഞ്ചാലിലെ കല്ലും മണ്ണും നിറഞ്ഞ തെരുവുകളില്‍ അവന്‍ കളിച്ചത് വെറുമൊരു കളിയായിരുന്നില്ല; മറിച്ച്, ദാരിദ്ര്യത്തിന്റെ ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനത്തിനായുള്ള കുതിപ്പായിരുന്നു. ആ കുതിപ്പും കഠിനാധ്വാനവും ക്രിസ്റ്റ്യാനോയെ കൊണ്ടെത്തിച്ചത് പോര്‍ച്ചുഗലിലെ മുന്‍നിര ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് ലിസ്ബന്റെ യൂത്ത് അക്കാദമിയിലായിരുന്നു. എന്നാല്‍ അവിടെയും അവന് പലതിനോടും പൊരുതേണ്ടി വന്നു. പതിനാലാം വയസ്സില്‍ ടിക്കികാര്‍ഡിയ എന്ന ഹൃദയസംബന്ധമായ രോഗബാധ ഉണ്ടായപ്പോഴും ഫുട്‌ബോള്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോഴും കുഞ്ഞ് ക്രിസ്റ്റ്യാനോ കരുത്തോടെ നിലകൊണ്ടു. ആ ഇളം കാലുകളിലെ കളിയഴക് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ട സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍ മാനേജ്‌മെന്റ് ക്രിസ്റ്റ്യാനോയെ ചികിത്സയ്ക്ക് വിധേയനാക്കി. മാസങ്ങള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അക്കാദമിയിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോയെ, പോര്‍ച്ചുഗലിന്റെ മെയിന്‍ ലാന്‍ഡില്‍ നിന്നും ഏറെ ദൂരെയുള്ള മഡെയ്‌റ ദ്വീപ് സമൂഹങ്ങളുടെ ആസ്ഥാനമായ ഫഞ്ചാലിലെ ഉച്ചാരണ വ്യത്യാസം പറഞ്ഞ് അക്കാദമിയിലെ സഹപാഠികള്‍ നിരന്തരം പരിഹസിക്കുമായിരുന്നു.
അപ്പോഴൊക്കെ അവന്‍ നിശബ്ദനായി നിന്നു. എന്നാല്‍ ആ നിശബ്ദത ഒരു കൊടുങ്കാറ്റിന് മുമ്പുള്ളതായിരുന്നു എന്ന് പിന്നീട് ലോകം തിരിച്ചറിഞ്ഞു. താന്‍ ഒഴുക്കിയ കണ്ണീരിനെയും താന്‍ നേരിട്ട പരിഹാസങ്ങളെയും ക്രിസ്റ്റ്യാനോ വിയര്‍പ്പാക്കി മാറ്റി. ആ നിശ്ചയദാര്‍ഢ്യമാണ് പിന്നീട് ലോകം കണ്ട ഏറ്റവും മികച്ച ഇതിഹാസമാക്കി അയാളെ മാറ്റിയത്. ക്രിസ്റ്റ്യാനോയുടെ വരവോടെ പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ ചരിത്രം തന്നെ മാറി. അതുവരെ യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ ശക്തികള്‍ക്കിടയില്‍ ഒരു ശരാശരി രാജ്യം മാത്രമായിരുന്ന പറങ്കിരാജ്യത്തെ ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഒറ്റ പേരായിരുന്നു. കടല്‍പ്പരപ്പില്‍ മാത്രം നീന്തിശീലമുള്ള ഒരു പരല്‍മീന്‍ സംഘത്തെ തിമിംഗലങ്ങളും കൊമ്പന്‍ സ്രാവുകളും വാഴുന്ന കടലിന്റെ ആഴങ്ങളിലേക്ക് അയാള്‍ നയിച്ചു. 2004-ല്‍ സ്വന്തം നാട്ടില്‍ നടന്ന യൂറോകപ്പ് ഫൈനലില്‍ ഗ്രീസിനോട് ഒരു ഗോളിന് പരാജയപ്പെട്ട് കണ്ണീരൊഴുക്കിയ ആ ചെറുപ്പക്കാരനെ ഫുട്‌ബോള്‍ ലോകം മറക്കില്ല. അന്ന് അയാള്‍ ഒഴുക്കിയ ആ കണ്ണീര്‍ പോര്‍ച്ചുഗല്‍ ഫുട്‌ബോളിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള ഒരു പ്രതിജ്ഞയായിരുന്നു.
അതിനുമുമ്പ് യുസേബിയോയുടെയും ലൂയിസ് ഫിഗോയുടെയും തലമുറയ്ക്ക് പോലും സാധിക്കാത്ത നേട്ടങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമ്മാനിച്ചത്. തലമുറകളും താരങ്ങളും പലത് മാറി കളിച്ചിട്ടും പോര്‍ച്ചുഗല്‍ ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം ചൂടുന്നത് 2016-ലെ യൂറോകപ്പിലാണ്. ആ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ക്രിസ്റ്റ്യാനോ ഫൈനലില്‍ പരിക്കേറ്റ് മൈതാനത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടും അവിടെ നിന്നുകൊണ്ട് അയാള്‍ തന്റെ സഹതാരങ്ങളെ പ്രചോദിപ്പിച്ചു. ആ കിരീടനേട്ടം പോര്‍ച്ചുഗല്‍ ഫുട്‌ബോളിനും ആരാധകര്‍ക്കും പുതിയൊരു അനുഭവമായിരുന്നു. പിന്നീട് 2019, 2025 വര്‍ഷങ്ങളിലെ യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടത്തിലേക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ നയിച്ചു. ഒരു ശരാശരി ഫുട്‌ബോള്‍ ടീമായിരുന്ന പറങ്കിരാഷ്ട്രത്തെ ഏത് കരുത്തരേയും ഭയമില്ലാതെ നേരിടാന്‍ അയാള്‍ പഠിപ്പിച്ചു.
എന്നാല്‍ ഇന്ന് താന്‍ വെള്ളവും വളവും കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ അവഗണനയുടെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് വേദനയോടെ ഒന്നും ചെയ്യാനാവാതെ അദ്ദേഹം കണ്ടുനില്‍ക്കുന്നുണ്ട്. 41 വയസ്സ് പിന്നിട്ടിട്ടും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശത്തില്‍ ഇപ്പോഴും പന്ത് തട്ടുന്ന ആ ഇതിഹാസത്തിനോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് പോര്‍ച്ചുഗല്‍ ഇപ്പോള്‍ ചെയ്യുന്നത്. 2022-ലെ ഖത്തര്‍ ലോകകപ്പില്‍ അന്നത്തെ പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ സാന്റോസ് തുടങ്ങിവെച്ച ആ അവഗണനയുടെ പരമ്പര, പുതിയ പരിശീലകനായ ജോര്‍ജ് ജീസസിന്റെ വരവോടെ അതിന്റെ ഉന്നതിയില്‍ എത്തിനില്‍ക്കുകയാണ്. നേഷന്‍സ് ലീഗില്‍ നോര്‍വെയ്‌ക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ ജീസസിന്റെ നടപടി തന്ത്രമായിരുന്നില്ലെന്നും മറിച്ച്, കടുത്ത അവഹേളനമായിരുന്നു എന്നുമാണ് മാധ്യമങ്ങളും ആരാധകരും ആരോപിക്കുന്നത്. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ 'ഞാനാണ് ടീമിന്റെ തന്ത്രം തീരുമാനിക്കുന്നത്; തനിക്ക് തോന്നിയാല്‍ മാത്രമേ ക്രിസ്റ്റ്യാനോയെ കളിപ്പിക്കൂ' എന്ന ജോര്‍ജ് ജീസസിന്റെ അഹങ്കാരം നിറഞ്ഞ പ്രസ്താവനകള്‍ പതിറ്റാണ്ടുകളായി രാജ്യത്തിന് സര്‍വ്വസ്വവും നല്‍കിയ ഇതിഹാസത്തെ മാനസികമായി തകര്‍ക്കുന്നതായിരുന്നു.
വിമര്‍ശനങ്ങള്‍ എത്രയുണ്ടായാലും അവഗണനയുടെ മതില്‍ക്കെട്ടുകള്‍ എത്ര ഉയര്‍ത്തിയാലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസം സൃഷ്ടിച്ച ചരിത്രം കാലത്തിന് മറക്കാനാവില്ല. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികളും റൊണാള്‍ഡോയുമായി അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലേറ്റ മുറിവുകള്‍ അത്ര പെട്ടെന്ന് ഉണങ്ങുന്നതല്ല. അര്‍ജന്റീനക്കാര്‍ ലയണല്‍ മെസ്സിയെ നെഞ്ചിലേറ്റിയത് പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സഹതാരങ്ങളും ആരാധകരും അത്ര പരിഗണിച്ചിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
കാലം കടന്നുപോകുമ്പോള്‍ മാധ്യമങ്ങളുടെ കോലാഹലങ്ങള്‍ അടങ്ങുമ്പോള്‍, പോര്‍ച്ചുഗീസ് ഫുട്‌ബോളും ആ ജനതയും തിരിച്ചറിയും തങ്ങള്‍ വേട്ടയാടിയത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നായകനെയായിരുന്നു എന്ന്. അദ്ദേഹം വെറുമൊരു കളിക്കാരനായിരുന്നില്ല; പ്രതിസന്ധികളോട് പോരാടി ഒരു ശരാശരി ടീമിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ പ്രതീകമാണ്. അങ്ങനെയൊരു സിംഹത്തെ വേട്ടയാടാന്‍ അതിന്റെ കാട് തന്നെ കൂട്ടുനില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വരുംതലമുറകള്‍ പോര്‍ച്ചുഗലിന്റെ പച്ചയും ചുവപ്പും കലര്‍ന്ന കുപ്പായത്തിലേക്ക് നോക്കുമ്പോഴെല്ലാം അതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന നായകന്റെ വിയര്‍പ്പിന്റെ ഗന്ധവും കണ്ണീരിന്റെ തിളക്കവും എന്നും അവശേഷിക്കും.
അന്നവര്‍ ഇങ്ങനെ പറയുമായിരിക്കും:
'ഒബ്രിഗാദോ ക്രിസ്റ്റ്യാനോ, പെല പ്രിമവേര കി നോഷ് ഒഫെറെസെഷ്തി' (നന്ദി, നീ ഞങ്ങള്‍ക്ക് നല്‍കിയ വസന്തകാലത്തിന്)