ന്യൂഡല്‍ഹി: ജെന്‍ സി യുവാക്കളുടെ നേതൃത്വത്തിലുള്ള കോക്ക്‌റോച്ച്' പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ശനിയാഴ്ച നടത്താന്‍ പ്രഖ്യാപിച്ച പ്രതിഷേധം തടയാന്‍ തലസ്ഥാനത്ത് 30,000ത്തിലധികം പൊലീസുകാരെയും അര്‍ധസൈനികരെയും വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍. പ്രതിഷേധത്തിന്റെ പ്രധാന വേദിയായ ജന്തര്‍ മന്തറിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഇന്റര്‍നെറ്റ് കട്ടാക്കി, പ്രതിഷേധക്കാര്‍ ഡല്‍ഹിയിലെത്തുന്നത് തടയാന്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, നിരവധി മെട്രോ സ്‌റ്റേഷനുകള്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ സുതാര്യത ഉറപ്പാക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. വോട്ടര്‍പട്ടികയില്‍ ക്രമക്കേടുകള്‍ നടത്തി ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂല സാഹചര്യം സൃഷ്ടിച്ചെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിട്ടുണ്ട്.
ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പരിപാടിക്ക് അപേക്ഷ സമര്‍പ്പിച്ചത് വളരെ വൈകിയാണെന്നും ഇവിടെ പരിപാടി നടത്താന്‍ കുറഞ്ഞത് പത്ത് ദിവസം മുമ്പ് അപേക്ഷ നല്‍കണമെന്ന ചട്ടമുണ്ടെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ നൂപുര്‍ പ്രസാദ് വ്യക്തമാക്കി. മുന്‍ പ്രതിഷേധങ്ങളില്‍ നിയമപരമായ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന ആരോപണവും പൊലീസ് ഉന്നയിച്ചു.
എന്നാല്‍ പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി ആവശ്യമില്ലെന്നും പരിപാടിയെക്കുറിച്ച് അറിയിച്ചാല്‍ മതിയെന്നുമാണ് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി.) നേതാക്കളുടെ വാദം.
എന്തുവന്നാലും ശനിയാഴ്ച രാവിലെ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സി.ജെ.പി. സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു. അറസ്റ്റിനെയും കടുത്ത നടപടികളെയും ഭയപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് ദീപ്‌കെ സമൂഹമാധ്യമത്തില്‍ അദ്ദേഹം കുറിച്ചു.
വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് നടന്ന സി.ജെ.പി. പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ പ്രക്ഷോഭം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞയാഴ്ച മുംബൈയിലും വ്യാഴാഴ്ച ബെംഗളൂരുവിലും തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നു.
ശനിയാഴ്ചത്തെ പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍, കര്‍ഷക സംഘടനകള്‍, വിദ്യാര്‍ഥി കൂട്ടായ്മകള്‍ എന്നിവയുടെ പിന്തുണയുണ്ട്. തങ്ങളുടെ നിരവധി പ്രവര്‍ത്തകരെ ഡല്‍ഹിയിലെത്തുന്നതിന് മുമ്പ് അധികൃതര്‍ തടഞ്ഞുവെന്നും സി.ജെ.പി. ആരോപിക്കുന്നു.
പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതും ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ വിന്യാസവും ഭരണഘടനാപരമായ പ്രതിഷേധാവകാശവും പൊതുസുരക്ഷയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
Related News