മനാമ: ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ വിസ (Schengen visa) ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ച പ്രധാന പ്രഖ്യാപനം ഒക്ടോബര്‍ 24-ന് റിയാദില്‍ നടക്കുന്ന EU-GCC ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍-ബുദൈവി വെളിപ്പെടുത്തി.
അറബ് ന്യൂസ് പോഡ്കാസ്റ്റിന്റെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത യാത്ര ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) മാത്രമാണ് യൂറോപ്യന്‍ യൂണിയനുമായി ഷെന്‍ഗന്‍ മേഖലയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിനുള്ള വിസ രഹിത യാത്രാ കരാറുള്ളത്.
ഒക്ടോബര്‍ 24-ന് നടക്കുന്ന രണ്ടാമത് യൂറോപ്യന്‍ യൂണിയന്‍ - ജിസിസി ഉച്ചകോടിയില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറബ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ഫൈസല്‍ ജെ. അബ്ബാസിനോട് പറഞ്ഞു. അഞ്ച് ജിസിസി രാജ്യങ്ങള്‍ക്കുമായുള്ള ഷെന്‍ഗന്‍ വിസ ഇളവ് നടപടികളുടെ ആരംഭത്തിലേക്ക് നാം വളരെ അടുത്താണെന്നും, ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച അനുകൂല പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജിസിസി-ഇ.യു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രഖ്യാപനം ഈ ഉച്ചകോടിയില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. വര്‍ഷങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും, യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെക്കുന്ന ചില വ്യവസ്ഥകളില്‍ (ഉദാഹരണത്തിന് മനുഷ്യവകാശവുമായി ബന്ധപ്പെട്ട ക്ലോസുകള്‍) ജിസിസിക്ക് എതിര്‍പ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ബന്ധത്തിന്റെ ഭാവി, യെമനിലെ സംഘര്‍ഷങ്ങളിലെ നിലപാട് തുടങ്ങിയ നിരവധി വിഷയങ്ങളിലും അല്‍-ബുദൈവി സംസാരിച്ചു. ഇറാനുമായുള്ള സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളി.
Related News