ജിദ്ദ: ചരിത്രത്തിന്റെ ഏടുകളില് മറഞ്ഞുപോയ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാതന അറബി ലിപിയെ തനിമ ചോരാതെ പുനഃസൃഷ്ടിച്ച് സൗദി അറേബ്യന് ചരിത്രത്തില് ഇടംനേടുകയാണ് തൃശൂര് സ്വദേശിയായ മുസ്തഫ യൂസഫ്. തൃശൂര് കൈപ്പമംഗലം ചെന്ത്രാപ്പിന്നി സ്വദേശിയായ ഈ മലയാളി പ്രവാസിയുടെ അപൂര്വ്വ കലാസൃഷ്ടികള്ക്ക് ജിദ്ദയിലെ പ്രശസ്തമായ 'അല് ത്വയ്യിബാത്ത് ഇന്റര്നാഷണല് മ്യൂസിയം ഫോര് കള്ച്ചര് ആന്ഡ് സയന്സില്' പ്രദര്ശനാനുമതി ലഭിച്ചു.
മ്യൂസിയത്തിലെ റൂം നമ്പര് 8-ലാണ് മുസ്തഫ രൂപകല്പ്പന ചെയ്ത നാല് ഫലകങ്ങള് സന്ദര്ശകര്ക്കായി സ്ഥാപിച്ച് പ്രദര്ശനം ആരംഭിച്ചിരിക്കുന്നത്. 'അല് മുസ്നദ്' ലിപിയിലെ അക്ഷരങ്ങള്, ഈ രീതിയില് തയ്യാറാക്കിയ സ്വാഗതവാചകം, ലിഖിത കലയെക്കുറിച്ചുള്ള അറബിക്-ഇംഗ്ലീഷ് വിവരണങ്ങള് എന്നിവയടങ്ങിയ ഫലകങ്ങള്ക്ക് വന് സ്വീകാര്യതയാണ് ലഭിക്കുന്നത്. മുസ്തഫയുടെ അപൂര്വ്വ കഴിവ് തിരിച്ചറിഞ്ഞ മ്യൂസിയം അതോറിറ്റി 500 റിയാല് പാരിതോഷികം നല്കി ആദരിക്കുകയും ചെയ്തു.
ശിലകളില് നിന്ന് തുടങ്ങിയ വിസ്മയം
ബി.സി 300-നും 900-നും ഇടയില് അറബികള് ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഭാഷാശൈലിയാണ് 'അല് മുസ്നദ്'. സൗദിയുടെ തെക്കുകിഴക്കന് പ്രദേശങ്ങളിലെ ചരിത്രശേഷിപ്പുകളിലും പുരാവസ്തു ഉത്ഖനനങ്ങളിലും ഈ ലിപിയുടെ അടയാളങ്ങള് കണ്ടെത്തിയിട്ടുണ്ട്.
ഒന്നര പതിറ്റാണ്ടായി സൗദിയിലുള്ള മുസ്തഫ ജിദ്ദയിലും തായിഫിലും ജോലികള് ചെയ്ത ശേഷം നിലവില് റിയാദിലാണ് പ്രവര്ത്തിക്കുന്നത്. ചെറുപ്പം മുതലേ നാണയ-സ്റ്റാമ്പ് ശേഖരണത്തില് താല്പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പക്കല് 70-ഓളം രാജ്യങ്ങളിലെ കറന്സികളുടെ ശേഖരമുണ്ട്. യു.എ.ഇയിലെയും തായിഫിലെ ശരീഫ് മ്യൂസിയത്തിലെയും സന്ദര്ശനങ്ങളാണ് അറബിക് എഴുത്തു കലയോടും പുരാതന ലിപികളോടുമുള്ള ഇദ്ദേഹത്തിന്റെ കൗതുകം വര്ദ്ധിപ്പിച്ചത്.
ഏതാനും മാസങ്ങള്ക്ക് മുമ്പ് ബഹുഭാഷാപണ്ഡിതനായ ഇഖ്ബാല് ആസാമില് നിന്നാണ് 'അല് മുസ്നദ്' ലിപിയെക്കുറിച്ച് കൂടുതല് പഠിച്ചതും നിരന്തര പരിശീലനത്തിലൂടെ അത് വശമാക്കിയതും.
വന്യജീവികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നല്ല അവഗാഹമുള്ള മുസ്തഫ, മക്കയിലും മദീനയിലും എത്തുന്ന തീര്ത്ഥാടകര്ക്ക് ഗൈഡായും പരിഭാഷകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള് എത്യോപ്യയിലും എറിത്രിയയിലും ഉപയോഗിക്കുന്ന പുരാതന ഭാഷയായ 'ആംഹാരിക്' പഠിക്കാനുള്ള ശ്രമത്തിലാണീ ചെറുപ്പക്കാരന്.
ചെന്ത്രാപ്പിന്നി പള്ളിപ്പറമ്പില് യൂസഫ്-സുബൈദ ദമ്പതികളുടെ മകനാണ്. ആലിയ ആണ് ഭാര്യ. ഉമര്, ബിലാല്, മറിയം എന്നിവര് മക്കളാണ്. ഇദ്ദേഹത്തിന്റെ സൃഷ്ടികള് ഇനി സൗദി ചരിത്രത്തിലേക്ക് കണ്ണോടിക്കുന്ന ലോകമെമ്പാടുമുള്ള സഞ്ചാരികള്ക്ക് മുന്നില് മിന്നിത്തിളങ്ങും.