ജിദ്ദ: ഒരു പതിറ്റാണ്ട് കാലമായി വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്റെ നേതൃത്വത്തില് 24 മണിക്കൂറും അനുവാചകര്ക്ക് വൈജ്ഞാനിക വിരുന്നൊരുക്കി, കേരളത്തിലെ പെരിന്തല്മണ്ണയില് നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ശ്രോതാക്കളിലേക്ക് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഇസ്ലാമിക ഓണ്ലൈന് റേഡിയോ സംവിധാനമായ 'പീസ് റേഡിയോ' യുടെ ജിദ്ദയിലെയും പരിസരങ്ങളിലെയും ശ്രോതാക്കള്ക്കായി സംഘടിപ്പിക്കപ്പെട്ട ലിസണെഴ്സ് മീറ്റ് വൈവിധ്യമാര്ന്ന അവതരണങ്ങള് കൊണ്ടും മികച്ച സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
വിശുദ്ധ ഖുര്ആനിന്റെ അര്ത്ഥവും ആശയവും ആഴത്തില് പഠിക്കാനായി 'അന്നൂര്' പ്രോഗ്രാം, ഹദീസ് പഠനത്തിനായി 'തിരുനബിയോടൊപ്പം' പരിപാടി, ആചാരാനുഷ്ഠാനങ്ങളിലെയും നിത്യജീവിതത്തിലെയും ഇസ്ലാമിക വിഷയങ്ങളിലെ സംശയനിവാരണത്തിനായി 'അല്-ഇജാബ', കുടുംബ പ്രശ്നങ്ങള്ക്ക് പരിഹാരം നിര്ദ്ദേശിക്കുന്ന 'സ്നേഹക്കൂട്' തുടങ്ങിയ പരിപാടികള്ക്ക് പുറമെ കുട്ടികള്ക്കായുള്ള സ്റ്റാര് ക്വസ്റ്റ്, സംഗീതത്തിന്റെ അകമ്പടിയില്ലാതെയും പാട്ടുകള് ആസ്വദിക്കാനായി 'സ്വരം', പൊതുജനങ്ങള്ക്ക് സര്ക്കാര്, സര്ക്കാരേതര സേവനങ്ങളെ പരിചയപ്പെടുത്തുന്ന 'ജനക്ഷേമം', ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നടക്കുന്ന വെള്ളിയാഴ്ച ഖുതുബകള് സംപ്രേഷണം ചെയ്യുന്ന 'അല്-മിമ്പര്', പ്രശസ്തരായ ഡോക്ടര്മാര് പങ്കെടുക്കുന്ന ആരോഗ്യ ചിന്തകള്, കരിയറുമായി ബന്ധപ്പെട്ട് വിദ്യാര്ത്ഥികള്ക്കും തൊഴിലന്വേഷകര്ക്കുമായി 'വഴികാട്ടി', എല്ലാ ദിവസവും ജീവിതത്തിന് ഊര്ജ്ജം പകരുന്ന 'പുലരിവെട്ടം', വര്ത്തമാന സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില് നിലപാടറിയിക്കുന്ന 'സമകാലികം', 'ഡയലോഗ്' തുടങ്ങി പീസ് റേഡിയോയില് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന സുപ്രധാന പരിപാടികള് സംഗമത്തില് ജിദ്ദാ മലയാളി സമൂഹത്തിന് പരിചയപ്പെടുത്തി.
ജിദ്ദാ ദഅവാ കോര്ഡിനേഷന് കമ്മിറ്റി നവംബര് 20ന് സംഘടിപ്പിക്കുന്ന ഫാമിലി കോണ്ഫറന്സ് 2.0യുടെ പ്രചാരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി, ഷറഫിയ്യ ഖാലിദ് ബിന് വലീദിലുള്ള അനസ് ബിന് മാലിക് ഓഡിറ്റോറിയത്തില് നടന്ന സംഗമത്തില് സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് ശ്രോതാക്കളും പുതിയ കേള്വിക്കാരും പങ്കെടുത്തു. സംഗമം ജെ.ഡി.സി.സി. പ്രസിഡന്റ് സുനീര് പുളിക്കല് ഉദ്ഘാടനം ചെയ്തു. സി.ആര്.ഇ. വിദ്യാര്ത്ഥി അഹ്മദ് റിഷാന് ഖുര്ആന് പാരായണം നിര്വഹിച്ചു. ഇസ്ഹാഖ് ഉബൈദുല്ല, അഹ്ലാം മുത്തലിബ്, അബ്ദുല്ല സുനീര്, ഇസ്ലാഹ് ഉബൈദുല്ല എന്നിവര് ആലപിച്ച മധുര ഗാനങ്ങള് സംഗമത്തിന് മാറ്റുകൂട്ടി. സത്താര് അല്-ഹികമി, അമീന് മുഹമ്മദ് മദനി എന്നിവരുടെ ആങ്കറിംഗ് ഓരോ സെഷനുകളും ശ്രോതാക്കളുടെ ഹൃദയങ്ങള്ക്ക് മനോഹര നിമിഷങ്ങള് സമ്മാനിച്ചു. റിഷാദ് അല്-ഹികമി പീസ് റേഡിയോയുടെ നാള്വഴികളും കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ചു.
റിയാദ് ഇസ്ലാഹീ സെന്റര് പ്രബോധകനും വാഗ്മിയുമായ അബ്ദുല്ല അല്-ഹികമി ഉല്ബോധനം നടത്തി. ജിദ്ദ കിംഗ് അബ്ദുല് അസീസ് യൂനിവേഴ്സിറ്റി വിദ്യാര്ത്ഥി ഉവൈസ് ഹാറൂണ് മാറഞ്ചേരി, എഴുത്തുകാരന് (തൂലികാകാരന്) ദുല്ഖര്ഷാന് അലനല്ലൂര്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. ഇര്ഫാന് നിവാസ്, ഹാഫിദ് ഇഖ്ബാല് തുടങ്ങിയവര് പീസ് റേഡിയോയിലെ സുപ്രധാന പരിപാടികള് സദസ്സിന് പരിചയപ്പെടുത്തി. വിസ്ഡം സൗദി നാഷണല് കമ്മിറ്റി വൈസ് പ്രസിഡന്റും ജെ.ഡി.സി.സി. ജനറല് സെക്രട്ടറിയുമായ ഫൈസല് വാഴക്കാട് ഫാമിലി കോണ്ഫറന്സ് 2.0 പരിപാടികള് വിശദീകരിച്ചു. ജെ.ഡി.സി.സി. സെക്രട്ടറി റൗനഖ് പുത്തൂര് പള്ളിക്കല് സ്വാഗതവും മുജീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.
Related News