ബെയ്ജിംഗ്: ബഹിരാകാശത്ത് കഴിയുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ഒരുക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ എത്തിയ പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരിക്കായി ഒരുക്കിയ ഭക്ഷണപ്പട്ടിക കൗതുകകരമാണ്. ബട്ടര്‍ ചിക്കന്‍, ലാംബ് കുര്‍മ, ബീഫ് നിഹാരി, കറിവെച്ച കടല തുടങ്ങിയ പാകിസ്താനി വിഭവങ്ങള്‍ ഉള്‍പ്പെടെ നൂറിലേറെ ഹലാല്‍ ഭക്ഷണങ്ങളാണ് അദ്ദേഹത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മുഹമ്മദ് സീഷാന്‍ അലി ബുധനാഴ്ച ഷെന്‍ഷൗ-24 പേടകത്തില്‍ ടിയാന്‍ഗോങ് നിലയത്തിലെത്തി. ഷെന്‍ഷൗ-23 ദൗത്യത്തിലെ മൂന്ന് സഞ്ചാരികള്‍ക്കൊപ്പം അദ്ദേഹം ചേരുന്നതോടെ നിലയത്തില്‍ ആകെ ആറുപേരായി. ഇരുദൗത്യങ്ങളിലെയും സഞ്ചാരികള്‍ ഒരുമിച്ച് പ്രത്യേക അത്താഴവിരുന്നിലും പങ്കെടുക്കും.
നൂറിലേറെ ഹലാല്‍ വിഭവങ്ങള്‍
അലിയുടെ ഭക്ഷണരുചികള്‍, മതപരമായ ഭക്ഷണനിയമങ്ങള്‍, പോഷകാവശ്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് പ്രത്യേക ഭക്ഷണപ്പട്ടിക തയ്യാറാക്കിയത്. പാകിസ്താനിലെ ഭക്ഷണസംസ്‌കാരം പഠിച്ച ശേഷമാണ് വിഭവങ്ങള്‍ തെരഞ്ഞെടുത്തത്. മഞ്ഞള്‍, കറിമസാലകള്‍ തുടങ്ങിയവയോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യവും പരിഗണിച്ചു.
ബഹിരാകാശത്ത് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നതിനൊപ്പം ഭക്ഷണം ഭാരം കുറഞ്ഞതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം. പ്രത്യേകിച്ച് ബഹിരാകാശത്തെത്തിയ ആദ്യ ദിവസങ്ങളില്‍ ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ ചേരുവകള്‍ മുതല്‍ പാചകരീതികളും നിര്‍മ്മാണപ്രക്രിയയും വരെ ഹലാല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തയ്യാറാക്കിയത്. പാകിസ്താനി ബഹിരാകാശ സഞ്ചാരികളുടെ അഭിപ്രായങ്ങള്‍ അനുസരിച്ച് പലതവണ രുചിപരിശോധന നടത്തി പാചകക്കുറിപ്പുകളില്‍ മാറ്റങ്ങളും വരുത്തി.
ആറു സഞ്ചാരികള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പ്രത്യേക വിരുന്നില്‍ ഈ വിഭവങ്ങള്‍ വിളമ്പും. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളുടെ ഭക്ഷണശീലങ്ങള്‍ ബഹിരാകാശ ദൗത്യങ്ങളില്‍ എത്രത്തോളം പ്രധാനമാണെന്നതിന്റെ ഉദാഹരണം കൂടിയാണിത്.
ബഹിരാകാശത്ത് സാധാരണ രീതിയില്‍ പാചകം സാധ്യമല്ലാത്തതിനാല്‍ ഭൂമിയില്‍ത്തന്നെ ഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്ത് സൂക്ഷിച്ചാണ് നിലയത്തിലേക്ക് എത്തിക്കുന്നത്. സഞ്ചാരികളുടെ ആരോഗ്യവും ഊര്‍ജാവശ്യങ്ങളും കണക്കിലെടുത്താണ് ഭക്ഷണക്രമം രൂപപ്പെടുത്തുന്നത്.
40 വയസ്സുകാരനായ പൈലറ്റ് മുഹമ്മദ് സീഷാന്‍ അലിയുടെ ബഹിരാകാശ പ്രവേശനം ചൈന-പാകിസ്താന്‍ ബഹിരാകാശ സഹകരണത്തിലെ സുപ്രധാന നേട്ടമാണ്. ടിയാന്‍ഗോങിലെത്തുന്ന ആദ്യ പാകിസ്താനിയും ആദ്യ വിദേശ ബഹിരാകാശ സഞ്ചാരിയുമാണ് അദ്ദേഹം. അഞ്ച് മുതല്‍ പത്ത് ദിവസം വരെ ഭ്രമണപഥത്തില്‍ ചെലവഴിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്ന അലി ഷെന്‍ഷൗ-23 പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങും.
Related News