റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ മേഖലയിലുള്ള പെട്രോളിയം ശുദ്ധീകരണ ശാലയ്ക്ക് നേരെ കഴിഞ്ഞ ദിവസം വ്യോമാക്രമണമുണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ശാലയിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ശുദ്ധീകരണ ശാലയുടെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ആക്രമണത്തില്‍ നേപ്പാള്‍ സ്വദേശിയായ ഒരു തൊഴിലാളി കൊല്ലപ്പെടുകയും വിവിധ രാജ്യക്കാരായ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ നില വ്യത്യസ്ത തലങ്ങളിലാണെന്നും ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
മരിച്ച തൊഴിലാളിയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഊര്‍ജ്ജ മന്ത്രാലയം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ആക്രമണമുണ്ടായ ഉടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങളും പ്രത്യേക സാങ്കേതിക വിഭാഗങ്ങളും സ്ഥലത്തെത്തി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Related News