ഏപ്രില്‍ 16... സൗദിയില്‍ മലയാളം ന്യൂസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ച് 25 വര്‍ഷം തികയുന്നു. കാല്‍ നൂറ്റാണ്ട് തികയുന്നതിന്റെ ആഘോഷങ്ങളുടെ ആരവം മുഴങ്ങേണ്ട ദിനം. ആരാലും ശ്രദ്ധിക്കപ്പെടാതെ ഈ ദിനവും കഴിഞ്ഞുപോകും. ഇന്ന് മലയാളം ന്യൂസ് ദിനപത്രമില്ല. പ്രിന്റ് എഡിഷന്‍ ആദ്യം നിര്‍ത്തി. ഓണ്‍ലൈനില്‍ തുടരുമെന്ന പ്രഖ്യാപനം വാര്‍ത്തയായി. അധികം വൈകുംമുമ്പ് മാര്‍ച്ച് മാസത്തില്‍ ഒരു നാള്‍ ഓണ്‍ലൈന്‍ ആരോരുമറിയാതെ അപ്രത്യക്ഷമായി. അതൊരു വാര്‍ത്ത പോലുമായില്ല.
എനിക്കുറപ്പുണ്ട്, പ്രവാസി സമൂഹം തങ്ങള്‍ക്ക് നേരിട്ട നഷ്ടം ഒരു നാള്‍ തിരിച്ചറിയാതിരിക്കില്ല. മലയാളം ന്യൂസിന് പകരം വെക്കാന്‍ ആര്‍ക്ക് സാധ്യമാകും.? ഒരു ചാനലിനും ഓണ്‍ലൈന്‍ മാധ്യമത്തിനും ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ക്കും പിഡിഎഫ് പത്രങ്ങള്‍ക്കും അതിനാവില്ല എന്ന് എന്റെ അഭിപ്രായം ഞാന്‍ കുറിക്കുന്നു. ഭിന്നാഭിപ്രായം പുലര്‍ത്തുന്നവര്‍ക്ക് അതിന് സ്വാതന്ത്ര്യമുണ്ട്.
മലയാളം ന്യൂസ് മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ക്കിടയില്‍ ഒരു സവിശേഷതയായിരുന്നു. വിദേശ ഉടമസ്ഥതയിലുള്ള മലയാള പത്രം, പ്രൊഫഷണലിസം, നിലപാടുകളില്‍ പക്ഷപാതമില്ലായ്മ, വാര്‍ത്തകളില്‍ സത്യസന്ധത, പ്രവാസികള്‍ക്ക് മാര്‍ഗദര്‍ശി - എല്ലാം മലയാളം ന്യൂസിന്റെ പ്രത്യേകതയായിരുന്നു.
1998 അവസാനം. സൗദി ഗസറ്റിലെ ജോലി വിടാനുള്ള തയാറെടുപ്പിലായിരുന്നു ഞാന്‍. അറബ് ന്യൂസില്‍ അവസരം ലഭിക്കുന്നതിന് ചില ശ്രമങ്ങള്‍ നടത്തി. പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈനയായിരുന്നു എഡിറ്റര്‍. പല തവണ ശ്രമിച്ചുവെങ്കിലും അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചില്ല.
(മലയാളം ന്യൂസ് ലേഖകനായി ഞാന്‍ ദമാമിലെത്തി. അധികം വൈകാതെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഖാലിദ് മഈനയും ദമാമില്‍ വന്നു. ദമാം എസ്ആര്‍പിസി ഓഫീസില്‍ വന്ന അദ്ദേഹത്തിന് അറബ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് സഈദ് ഹൈദര്‍ എന്നെ പരിചയപ്പെടുത്തി. ഓഫീസിലും പിന്നീട് ഹോട്ടല്‍ ലോബിയിലും ഇരുന്ന് ഞങ്ങള്‍ വിശദമായി സംസാരിച്ചു. സൗദിയും ഇന്ത്യയും മാധ്യമങ്ങളും പ്രവാസികളും തൊഴില്‍ നിയമങ്ങളും എല്ലാം വിഷയമായി. മൂന്നാം നാള്‍ മടങ്ങുമ്പോള്‍ അദ്ദേഹം അറബ് ന്യൂസില്‍ ജോലി ഓഫര്‍ ചെയ്തത് ഇന്ന് കൗതുകം പകരുന്ന ഓര്‍മ.)
ജിദ്ദയില്‍ പല കമ്പനികളിലും ജോലിക്ക് ശ്രമം നടത്തി. ബിന്‍ലാദിന്‍ സഹോദരങ്ങളില്‍ ഒരാാളുടെ ഓഫീസില്‍ ഒരു തസ്തിക ഒഴിവുണ്ടെന്ന് സുഹൃത്ത് അബ്ദുല്‍ ഗനി (മലപ്പുറം) വിവരം തന്നു. അടുത്ത ദിവസം ഇന്റര്‍വ്യൂവിന് ഹാജരായി. അത് വിജയകരമായി. മാനേജ്മെന്റ് വീണ്ടും വിളിച്ച് ശമ്പള പാക്കേജ് വിവരങ്ങള്‍ സംസാരിച്ചു. രണ്ടാഴ്ചക്കകം ജോലിക്ക് ജോയിന്‍ ചെയ്യാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
അതിനിടെ, 1998 നവമ്പറില്‍ എന്റെ ഗുരുവും മാര്‍ഗദര്‍ശിയുമായ ജമാല്‍ മലപ്പുറം (ജെ.എം) ആണ് അറബ് ന്യൂസ് ഗ്രൂപ്പില്‍ നിന്നും ഒരു മലയാളം പത്രം തുടങ്ങുന്നതായി അറിയിച്ചത്. അറബ് ന്യൂസ് പംക്തികളിലൂടെ പരിചിതനായ ഫാറൂഖ് ലുഖ്മാന്‍ ആണ് എഡിറ്ററെന്ന്് വിവരം ലഭിച്ചു. അടുത്ത ദിവസം ഓഫീസില്‍ അദ്ദേഹത്തെ കാണുന്നതിന് അറബ് ന്യൂസ് ആര്‍ക്കൈവ്സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ആനക്കയം സ്വദേശി ബാപ്പുട്ടിക്ക സൗകര്യമൊരുക്കി. ഫാറൂഖ് ലുഖ്മാനുമായുള്ള ആദ്യ കൂടിക്കാഴ്ച ഒരിക്കലും മറക്കില്ല. ഉടനീളം നര്‍മം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം.
മലയാളം ന്യൂസ് പത്രാധിപ സമിതിയെ കണ്ടെത്താനുള്ള ചുമതല എ.എം. പക്കര്‍ കോയ(കോഴിക്കോട്)ക്ക് നല്‍കിയതായി ഫാറൂഖ് ലുഖ്മാന്‍ പറഞ്ഞു. സബ് എഡിറ്റര്‍മാരെ കണ്ടെത്തുന്നതിനായി പക്കര്‍ കോയ കേരളത്തിലായിരുന്നു. അടുത്ത മാസം അവധിക്ക് ഞാനും നാട്ടിലെത്തി. കോഴിക്കോട് പക്കര്‍ കോയയുടെ വീട്ടിലെത്തി കണ്ട് സംസാരിച്ചു. ജര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം, മനോരമയില്‍ ഇന്റേണ്‍ഷിപ്പ്, മാതൃഭൂമിയില്‍ ട്രെയിനിംഗ്, പുതിയ ദിനപത്രമായ മാധ്യമത്തിന്റെ പ്രാരംഭത്തില്‍ ന്യൂസ് റൂം ചുമതല, - ജിദ്ദയില്‍ നിന്നും മാതൃഭൂമി ദിനപത്രം ലേഖകന്‍ - തുടങ്ങിയവയില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. സൗദി റസിഡന്‍സ് പെര്‍മിറ്റില്‍ (ഇഖാമ) രേഖപ്പെടുത്തിയ പ്രൊഫഷന്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നത് പ്ലസ് ആയി.
1999 ജനുവരിയില്‍ മലയാളം ന്യൂസില്‍ ചേരുന്നതിന് ക്ഷണം ലഭിച്ചു. ചില സാങ്കേതിക പ്രശ്നങ്ങളില്‍ വ്യക്തത വരുത്താനുണ്ടായിരുന്നു. ഫെബ്രുവരിയില്‍ സൗദി ഗസറ്റ് പ്രസാധകരായ ഒകാസ് ഓര്‍ഗനൈസേഷനലില്‍ നിന്നും റിലീസ് ലെറ്റര്‍ വാങ്ങി മലയാളം ന്യൂസ് പ്രസാധകരായ എസ്.ആര്‍.പി.സിക്ക് നല്‍കി. ചന്ദ്രിക കൊച്ചി ന്യൂസ് എഡിറ്ററായിരുന്ന സി.കെ. ഹസന്‍ കോയ, തിരുവനന്തപുരം ചന്ദ്രികയിലെ സുഹൃത്ത് കുഞ്ഞമ്മദ് വാണിമേല്‍, മാധ്യമം ഡെസ്‌കിലുണ്ടായിരുന്ന പി.കെ. നിയാസ്, കൊച്ചി ലേഖകനായിരുന്ന മായിന്‍കുട്ടി തുടങ്ങിയവര്‍ അതിനകം നാട്ടില്‍ നിന്നും എത്തിയിരുന്നു. (മനോരമയില്‍ ഇന്റര്‍വ്യൂവിന് എത്തിയ ഹസന്‍കോയയും ഞാനും അന്ന് പരിചയപ്പെട്ടിരുന്നു)
ജിദ്ദയില്‍ ദീര്‍ഘകാലമായി മനോരമ ലേഖകനായിരുന്ന മുസാഫിര്‍ ഇരുമ്പുഴി മലയാളം ന്യൂസില്‍ ചേര്‍ന്നിരുന്നു. അതിന് പിറകെ, ലോക്കല്‍ റിക്രൂട്ട് ആയി ഞാന്‍ മലയാളം ന്യൂസ് സ്റ്റാഫംഗമായി.
1999 ഏപ്രില്‍ 16ന് മലയാളം ന്യൂസ് പിറന്നു. പത്രം ആരംഭിച്ച ശേഷം മൂന്നാഴ്ചയോളം ഞാന്‍ ജിദ്ദ ഓഫീസില്‍ തുടര്‍ന്നു. കുഞ്ഞമ്മദ് വാണിമേല്‍ റിയാദില്‍ ലേഖകനായി. എനിക്ക് മലയാളം ന്യൂസ് കിഴക്കന്‍ പ്രവിശ്യാ ലേഖകനായാണ് നിയമനം ലഭിച്ചത്.
1991 മുതല്‍ 99 വരെ എട്ട് വര്‍ഷം ജിദ്ദ എന്ന കോസ്മോ പൊളിറ്റന്‍ നഗരത്തില്‍ ജീവിച്ച ഞാന്‍ പൂര്‍ണ തൃപ്തിയോടെയല്ല ആ നിയമനം സ്വീകരിച്ചതും, 99 മേയ് രണ്ടാം വാരത്തില്‍ ദമാമിലേക്ക് ജീവിതം പറിച്ചുനട്ടതും. എന്നാല്‍ ധാരണകള്‍ പെട്ടെന്ന് മാറി. ഗ്രാമീണ ശാലീനതയും നൈര്‍മല്യവും സൂക്ഷിക്കുന്ന ദമാമും കിഴക്കന്‍ പ്രവിശ്യയും അവിടത്തെ ജനങ്ങളും ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി. നാല് വര്‍ഷം കഴിഞ്ഞ് ജിദ്ദയിലേക്ക് വരാന്‍ താല്‍പര്യമുണ്ടോ എന്ന് എഡിറ്റര്‍ എന്നോട് അന്വേഷിച്ചു. ദമാമില്‍ തുടരാനാണ് താല്‍പര്യം എന്ന് അന്ന്് മറുപടി നല്‍കി.
99ല്‍ അക്കാരിയ ബില്‍ഡിംഗിലും പിന്നീട് ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സ്വന്തം പ്രസ് കെട്ടിടത്തിലും, പിന്നീട് അല്‍ ദബാല്‍ കൊമേര്‍ഷ്യല്‍ ടവറിന്റെ നാലാം നിലയിലുമാണ് ദമാമില്‍ മലയാളം ന്യൂസ് ഓഫീസ് പ്രവര്‍ത്തിച്ചത്. ആ ഓഫീസ് നിര്‍വഹിച്ച ദൗത്യം വിലയിരുത്തേണ്ടത് ഞാനല്ല.
കിഴക്കന്‍ പ്രവിശ്യയിലെ, പ്രവാസി ഇന്ത്യക്കാരുമായി വിശേഷിച്ചും മലയാളികളുമായി ബന്ധപ്പെട്ട ചലനങ്ങള്‍ അതത് സമയങ്ങളില്‍ പുറം ലോകത്തിന് 16 വര്‍ഷം മലയാളം ന്യൂസിലൂടെ പരിചയപ്പെടുത്താന്‍ അവസരം ലഭിച്ചു. മലയാളം ന്യൂസ് വായനക്കാരുടെ സ്വന്തം ദിനപത്രമായി. അവരുടെ വേദനകളും പരിദേവനങ്ങളും രോഷങ്ങളും പ്രതീക്ഷകളും മലയാളം ന്യൂസില്‍ പ്രതിധ്വനിച്ചു. ജയിലുകളിലും തര്‍ഹീലിലും (ഡിപോര്‍ട്ടേഷന്‍ സെന്റര്‍) വാര്‍ത്ത തേടി കടന്നുചെന്നു. പലപ്പോഴും സൗദി അധികൃതര്‍ പോലും സഹായം തേടി. ഇന്ത്യന്‍ എംബസി കൂടുതല്‍ ജാഗ്രത്തായി. ( ദമാം ലേഖകന്‍ എംബസിയെ ഹരാസ് ചെയ്യുന്നുവെന്ന് പരാതി നേരിട്ടുപറയാന്‍ അംബാസഡറുടെ പ്രതിനിധി എഡിറ്റര്‍ ഫാറൂഖ് ലുഖ്മാനെ കാണാന്‍ ഓഫീസിലെത്തി.)
ചെറുതും വലുതുമായ എത്രയെത്ര അനുഭവങ്ങള്‍! വിശദമായി പിന്നീടാവാം.
പ്രാതല്‍ കഴിക്കാതെയും ലഘുവായി മാത്രം കഴിച്ചും ദിവസം ആരംഭിച്ചിരുന്ന സാധാരണ തൊഴിലാളികള്‍ക്ക് പ്രാതലിന്റെ പ്രാധാന്യം പഠിപ്പിച്ചുകൊടുത്തത് മലയാളം ന്യൂസ് ആണ്. നിരവധി ലേബര്‍ ക്യാമ്പുകളില്‍ ഡോ. സി.എച്ച്. മൊയ്തുവിന്റെ അഭിമുഖ വാര്‍ത്ത കോപ്പിയെടുത്ത് ഒട്ടിച്ചുവെച്ചത് കണ്ടിരുന്നു.
നാനൂറിലേറെ പ്രതികരണം ലഭിച്ച ഒരു മാട്രിമോണിയല്‍ പരസ്യം. അഭിമുഖത്തിന്റെ പ്രതികരണമായി ഹാബിറ്റാറ്റ് സ്ഥാപകന്‍ ശങ്കറിന് നാട്ടില്‍ ലഭിച്ച ആയിരക്കണക്കിന് കത്തുകള്‍, ഖതീഫിലെ കൊലപാതകിയെ പിടികൂടുന്നതിന് പടം വെച്ച് വാര്‍ത്ത നല്‍കാന്‍ പോലീസിന്റെ അഭ്യര്‍ത്ഥന.. നിരവധി കോടതി വിധികള്‍, തടവുപുള്ളികളുടെ മോചനം, മയക്കുമരുന്ന് കടത്തിന് എതിരായ ബോധവത്കരണം, ഇന്ത്യന്‍ സ്‌കൂളുകളുടെ നിലവാരമുയര്‍ത്താനുള്ള ശ്രമങ്ങള്‍, സാമൂഹിക - സാംസ്‌കാരിക സംരംഭങ്ങള്‍ - മലയാളം ന്യൂസ് പ്രവാസി സമൂഹത്തില്‍ അത്ഭുതം സൃഷ്ടിച്ചു.
2015 മെയ് മാസത്തിലാണ് സ്വന്തം തീരുമാനപ്രകാരം മലയാളം ന്യൂസ് വിട്ട് ഞാന്‍ നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒമ്പത് വര്‍ഷവും സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുമ്പോള്‍ ആദ്യ താല്‍പര്യങ്ങളിലൊന്ന് മലയാളം ന്യൂസ് കാണാനും വായിക്കാനുമായിരുന്നു. സൗദിയില്‍ നിന്നും മടങ്ങുമ്പോള്‍ അതൊരു നൊസ്റ്റാള്‍ജിക് ഓര്‍മയായിരുന്നു.
പിന്നീട് പത്രവിതരണം താളം തെറ്റി. സാധാരണ ലഭിച്ചിരുന്ന കടകളിലൊന്നും പത്രം ലഭിക്കാത്ത സാഹചര്യമായി. കോപ്പികള്‍ കുറഞ്ഞു. സ്വന്തം വിതരണ കമ്പനിയും, സ്വന്തം പ്രസ് സൗകര്യവും ഒഴിവാക്കി. ഇതോടെ സ്വാഭാവികമായും ചിലവുകള്‍ താങ്ങാനാവാത്ത അവസ്ഥയിലേക്ക് മാറി.
ഒരു സാറ്റലൈറ്റ് ചാനലിനും ഓണ്‍ലൈന്‍ ചാനലിനും മലയാളം ന്യൂസിന് പകരം നില്‍ക്കാനാവില്ല എന്ന് ആദ്യം പറഞ്ഞത് വെറുതെയല്ല, അനുഭവത്തില്‍ നിന്നാണ്.
ഹഫറിലെ മരുഭൂമിയില്‍ ദുരിതമനുഭവിച്ച ഒരു മലയാളി യുവാവ് പുറം ലോകത്തിന്റെ വെളിച്ചം കണ്ടത് മലയാളം ന്യൂസില്‍ വന്ന ഒരു നമ്പറില്‍ ബന്ധപ്പെട്ട് സഹായം തേടിയാണ്. ഏതോ വാര്‍ത്തയുടെ അവസാനം മലയാളം ന്യൂസ് നല്‍കിയ ജുബൈല്‍ കെ.എം.സി.സി.യുടെ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനറുടെ നമ്പറായിരുന്നു അത്. ആറ് മാസം മുമ്പ് നല്‍കിയ വാര്‍ത്ത. ആ വാര്‍ത്ത അച്ചടിച്ച പത്രത്തിന്റെ പേജ് ഏതോ വാഹനത്തില്‍ നിന്നും മരുഭൂമിയുടെ ഉള്‍ഭാഗത്ത് എത്തിയതായിരുന്നു പിടിവള്ളിയായത്.
സൗദി പൗരന്റെ മകനായി ജനിച്ച ഇര്‍ഫാന് സ്വന്തം പിതാവിനെ തിരിച്ചുകിട്ടാന്‍ വഴിയൊരുക്കിയത് മലയാളം ന്യൂസ്് നല്‍കിയ വാര്‍ത്തയാണ്. അറബ് പത്രങ്ങളില്‍ പല തവണ വാര്‍ത്ത നല്‍കിയിട്ടും നിഷ്ഫലമായ ശ്രമം. വാര്‍ത്ത പ്രസിദ്ധീകരിച്ച് നാലാം ദിവസമാണ് ബിഷയില്‍ നിന്നും സ്പോണ്‍സറുടെ കൂടെ റിയാദിലെത്തിയ പട്ടാമ്പിക്കാരന്‍ അലി യാദൃഛികമായി പത്രം കണ്ടത്. അലി കാണിച്ചു കൊടുത്ത മലയാളം ന്യൂസ് പേജിലെ പടം കണ്ട് തന്റെ സുഹൃത്തും അയല്‍വാസിയുമായ സൗദി പൗരന്റെ പടമാണെന്ന് തിരിച്ചറിഞ്ഞത്!.. ബാക്കി ചരിത്രം. ഇര്‍ഫാന്‍ സ്വന്തം പിതാവിനൊപ്പം സഹോദരങ്ങള്‍ക്കൊപ്പം ഇന്ന് സൗദിയില്‍ ജീവിക്കുന്നു. താന്‍ രാജകുമാരനായി ജീവിക്കുന്നുവെന്നാണ് ഇര്‍ഫാന്‍ പിന്നീട് പറഞ്ഞത്.
അങ്ങിനെ....ആത്മസംതൃപ്തി പകരുന്ന എത്രയെത്ര അനുഭവങ്ങള്‍. ഒന്നര ദശകത്തിലേറെ നീണ്ട മലയാളം ന്യൂസ് അനുഭവങ്ങള്‍ എഴുതണം. പിന്നീടാവാം.
മലയാളം ന്യൂസ് ഫാറൂഖ് ലുഖ്മാന്റെ കുഞ്ഞായിരുന്നു. ഉസ്താദ് എന്നാണ് ഞങ്ങള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. രോഗാതുരനായതോടെ പദവി ഒഴിവായ ഉസ്താദ് ഏതാനും വര്‍ഷം മുമ്പ്് പോയി. ഗുണ്ടര്‍ട്ട് മലയാള ഭാഷക്ക് അര്‍പ്പിച്ച സേവനത്തിന് തുല്യമായിരുന്നു മലയാളി പ്രവാസിസമൂഹത്തിന് വേണ്ടി വിദേശത്ത് ഒരു മലയാളപത്രം തുടങ്ങാന്‍ അദ്ദേഹം കാണിച്ച താല്‍പര്യം. അതിന് അര്‍ഹമായ ആദരം നല്‍കാന്‍ കേരളീയ സമൂഹം വൈമുഖ്യം കാണിച്ചു.
ഇപ്പോള്‍ മലയാളം ന്യൂസ് നിശ്ശബ്ദം രംഗത്ത്് നിന്ന് പിന്‍മാറിയിരിക്കുന്നു. ഉസ്താദിനൊപ്പം ഉസ്താദിന്റെ കുഞ്ഞും യാത്രയായി. ജന്മനാടിനെ ഇരുട്ട് മൂടാനൊരുങ്ങുന്ന അവസ്ഥയില്‍ ഈ വിടപറയില്‍ ഇരട്ടി നൊമ്പരമാകുന്നു.
ഘനീഭവിച്ചു നില്‍ക്കുന്ന മൗനമാണെങ്ങും. നഷ്ടമായത് എന്നും ആശ്രയിക്കാവുന്ന ഒരു കൂട്ട് ആയിരുന്നുവെന്ന് മലയാളി പ്രവാസി സമൂഹം പിന്നീട് തിരിച്ചറിയും, ഉറപ്പാണ്.
ഫോട്ടോ: ഉസ്താദിനൊപ്പം ലേഖകന്‍, പത്രത്തിന്റെ ആദ്യ ഒന്നാം പേജ് ഫോട്ടോ കടപ്പാട്: വഹീദ് സമാന്‍.
കടപ്പാട്: ഫേസ് ബുക്ക്
Related News