റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൗദി എയര്‍ലൈന്‍സ് (സൗദിയ) സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ 'സൗദിയ പാസഞ്ചര്‍ ഫോറം' രൂപീകരിച്ചു. 2017 ഒക്ടോബറില്‍ ആരംഭിച്ച റിയാദ്/ജിദ്ദ - തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നിര്‍ത്തലാക്കിയത് തെക്കന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളെ വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നിലവില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മാത്രമാണ് സൗദിയ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാര്‍ക്കും തമിഴ്നാട്ടിലെ കന്യാകുമാരി മുതല്‍ വിരുതുനഗര്‍ വരെയുള്ള ആറ് തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കും തിരുവനന്തപുരം വിമാനത്താവളമാണ് ഏക ആശ്രയം. നേരിട്ടുള്ള സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് വിദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രാസമയം 24 മുതല്‍ 36 മണിക്കൂര്‍ വരെ വര്‍ധിപ്പിക്കുന്നു.
റിയാദ് കേന്ദ്രീകരിച്ച് നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്കും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) വീണ്ടും നിവേദനം നല്‍കാന്‍ തീരുമാനിച്ചു. ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് വഴി പാര്‍ലമെന്റ് സമ്മേളന വേളയില്‍ കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പ റാം മോഹന്‍ നായിഡുവിന് നിവേദനം നേരിട്ട് സമര്‍പ്പിക്കും.
ഒന്നിലധികം വിമാനങ്ങള്‍ മാറിക്കയറേണ്ടി വരുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് യാത്രയില്‍ മാത്രം 2 മുതല്‍ 4 ദിവസം വരെ നഷ്ടപ്പെടുന്നു. കൊച്ചിയിലോ കോഴിക്കോട്ടോ ഇറങ്ങുന്നവര്‍ക്ക് തെക്കന്‍ ജില്ലകളിലെ വീട്ടിലെത്താന്‍ വീണ്ടും 8 മുതല്‍ 12 മണിക്കൂര്‍ വരെ റോഡ് മാര്‍ഗ്ഗം സഞ്ചരിക്കേണ്ടിയും വരുന്നു. വിഴിഞ്ഞം തുറമുഖം, ഐ.ടി ഹബ്ബ്, വിനോദസഞ്ചാര മേഖല എന്നിവയുടെ വളര്‍ച്ച പരിഗണിക്കുമ്പോള്‍ തിരുവനന്തപുരത്തേക്ക് വലിയ സാധ്യതകളാണുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് സുബൈര്‍കുഞ്ഞ് നിവേദനത്തിന്റെ കരട് അവതരിപ്പിച്ചു. ശിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, ജോസഫ് അതിരുങ്കല്‍, അലക്‌സ് കൊട്ടാരക്കര, ഇംത്യാസ് അഹമ്മദ്, റാഫി പാങ്ങോട്, നിസ്സാര്‍ പള്ളിക്കശ്ശേരില്‍, ഇസ്മായില്‍ നൗഷാദ്, അബ്ദുറഹ്‌മാന്‍, അനസ് ഓച്ചിറ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News