ജിദ്ദ: പ്രവാസലോകത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളും മായാത്ത ഓര്‍മ്മകളും സമ്മാനിച്ച് 46 വര്‍ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി അബ്ദുറഹീം വണ്ടൂര്‍ ജന്മനാട്ടിലേക്ക് മടങ്ങുന്നു. ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ ഇ.എ. ജുഫാലി ആന്റ് ബ്രദേഴ്‌സ് കമ്പനിയില്‍ കമ്മോഡിറ്റി ലീഡറായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, സഹപ്രവര്‍ത്തകര്‍ക്കും പ്രവാസി സമൂഹത്തിനും എന്നും താങ്ങായിരുന്ന വ്യക്തിത്വമായിരുന്നു.
തന്റെ ഒഴിവു സമയങ്ങള്‍ മുഴുവന്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച അദ്ദേഹം, നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവാസ ലോകത്ത് സജീവമായി ഇടപെട്ടിരുന്നു. സംഘടനാ രംഗത്ത് ഐ.സി.എഫ് സൗദി നാഷണല്‍ കമ്മിറ്റി സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡന്റായും ഐ.സി.എഫ് ജിദ്ദ റീജിയണിലെ കരുത്തുറ്റ സാന്നിധ്യമായും അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ, ജിദ്ദ മഹദ് അല്‍ ഉലൂം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറേറ്റ് ബോര്‍ഡ് അംഗമെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകള്‍ നല്‍കി.
ഐ.സി.എഫ് ജിദ്ദ റീജിയന്‍ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ നിരവധി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പങ്കെടുത്തു. ആപത്ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്നതും സംഘടനയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും ചടങ്ങില്‍ അനുസ്മരിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുജീബ് റഹ്‌മാന്‍ എ.ആര്‍. നഗര്‍, ബഷീര്‍ എറണാകുളം, യഹ്യ ഖലീല്‍ നൂറാനി, ഹസ്സന്‍ സഖാഫി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.
ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിലെ സ്‌നേഹനിര്‍ഭരമായ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത അബ്ദുറഹീം വണ്ടൂര്‍, തനിക്ക് ലഭിച്ച സ്വീകരണത്തിന് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി.
Related News