l o a d i n g

ഗൾഫ്

കാരുണ്യത്തിന്റെ 'മലയാളി മാതൃക': അബ്ദുല്‍ റഹീം 20 വര്‍ഷത്തിനു ശേഷം ഉമ്മക്കരികില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 28, 2026

കോഴിക്കോട്: രണ്ട് പതിറ്റാണ്ടുകാലത്തെ സൗദി ജയില്‍വാസത്തിന് ശേഷം കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. വലിയ പെരുന്നാള്‍ ദിനത്തില്‍ രാവിലെ 7.35-ഓടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ റഹീമിന്റെ മടങ്ങിവരവ് കേവലമൊരു തടവുകാരന്റെ മോചനം മാത്രമല്ല, മറിച്ച് ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തിന്റെയും വിളംബരമാണ്.

നാട്ടില്‍ സ്വകാര്യ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്ന റഹീം, മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് 2006 നവംബര്‍ 28-ന് ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തുന്നത്. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജോലിയില്‍ പ്രവേശിച്ച് ഒരു മാസം തികയും മുന്‍പ് (ഡിസംബര്‍ 24) റഹീമിന്റെ കൈപ്പിഴയാല്‍ സ്‌പോണ്‍സറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള പതിനഞ്ചുകാരനായ മകന്‍ അനസ് അല്‍ ശഹ്രി മരണപ്പെട്ടു. വാഹനത്തില്‍ വെച്ച് കുട്ടി അക്രമാസക്തനായപ്പോള്‍ തടയുന്നതിനിടയില്‍, കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന മെഡിക്കല്‍ ഉപകരണത്തില്‍ അബദ്ധത്തില്‍ കൈതട്ടുകയും ശ്വാസതടസ്സം മൂലം കുട്ടി മരിക്കുകയുമായിരുന്നു. മനഃപൂര്‍വ്വമല്ലാത്ത ഒരു കൈപ്പിഴയായിരുന്നിട്ടും 2012-ല്‍ കോടതി റഹീമിന് വധശിക്ഷ വിധിച്ചു.

വിധി നടപ്പാക്കണമെന്ന കര്‍ശന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും റിയാദിലെ പൊതുപ്രവര്‍ത്തകരും നിരന്തരം ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ 15 മില്യണ്‍ സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനമായി (ബ്ലഡ് മണി) നല്‍കിയാല്‍ മാപ്പ് നല്‍കാന്‍ കുടുംബം സമ്മതിച്ചു. ഒരു സാധാരണ കുടുംബത്തിന് ചിന്തിക്കാന്‍ പോലുമാകാത്ത ഈ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇവിടെയാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ 'മലയാളി നെറ്റ്വര്‍ക്ക്' ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.

സൗദിയില്‍ അറുപതോളം മലയാളി സംഘടനകള്‍ ചേര്‍ന്ന് നിയമസഹായവേദി രൂപീകരിച്ചു. നാട്ടില്‍ റഹീം നിയമസഹായ ട്രസ്റ്റും പ്രാദേശിക സമിതിയും രൂപീകരിച്ചു. 'സേവ് അബ്ദുല്‍ റഹീം' എന്ന മൊബൈല്‍ ആപ്പിലൂടെ 2024 മാര്‍ച്ച് മുതല്‍ ഏപ്രില്‍ 12 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ 47.87 കോടിയിലധികം രൂപലോകമെമ്പാടുമുള്ള മലയാളികള്‍ ഒഴുകിയെത്തിച്ചു. 2024-ല്‍ ഈ ഫണ്ട് സമാഹരണം പൂര്‍ത്തിയായത് ഒരു ചെറിയ പെരുന്നാള്‍ ദിനത്തിലായിരുന്നു. നീണ്ട നിയമനടപടികള്‍ക്കൊടുവില്‍ റഹീം നാട്ടില്‍ തിരിച്ചെത്തിയതും ഒരു വലിയ പെരുന്നാള്‍ ദിനത്തിലായി എന്നത് തികച്ചും യാദൃച്ഛികവും മനോഹരവുമായ ഒരു സമാപ്തിയായി.

2024 ജൂലൈ 2ദിയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ വധശിക്ഷ റദ്ദാക്കി. 20 വര്‍ഷത്തെ തടവ് പബ്ലിക് റൈറ്റ്‌സ് (പൊതു നിയമം) പ്രകാരമുള്ള തടവുശിക്ഷ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാല്‍ മോചനം നീണ്ടു. 2026 മേയ് 26ന്് മോചന ഉത്തരവും എക്‌സിറ്റ് വിസയും ലഭ്യമായി. 2026 മേയ് 27 (ബുധന്‍)ജയിലില്‍ നിന്ന് നാടുകടത്തല്‍ സെല്ലിലേക്കും അവിടെനിന്ന് ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കും മാറ്റി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വികാരനിര്‍ഭരമായ സ്വീകരണമാണ് റഹീമിന് ലഭിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും റഹീം സഹായ സമിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനസാഗരം വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. 26-ാം വയസ്സില്‍ ജയിലിലായി, തന്റെ യൗവനം മുഴുവന്‍ ഇരുമ്പഴിക്കുള്ളില്‍ ഹോമിച്ച റഹീം, 46-ാം വയസ്സില്‍ പുറത്തേക്കിറങ്ങുമ്പോള്‍ കണ്ണ് നിറഞ്ഞ്, കൈകൂപ്പി എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു. റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റഹീമിന്റെ മടങ്ങിവരവോടെ, സഹോദരന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന മാതാവ് ഫാത്തിമയും മറ്റ് അഞ്ച് സഹോദരങ്ങളും കോടമ്പുഴയിലെ ഒത്തുചേര്‍ന്ന് വൃത്തിയാക്കിയ തറവാട്ടു വീടായ 'സീനത്ത് മന്‍സിലി'ലേക്ക് താമസം മാറും.

അബ്ദുല്‍ റഹീമിന്റെ മോചനം കേവലമൊരു വ്യക്തിയുടെ രക്ഷപെടലല്ല, മറിച്ച് മലയാളി എന്ന വികാരത്തിന്റെ കൂട്ടായ്മയുടെ പ്രഖ്യാപനമാണ്. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരു ജീവന്‍ രക്ഷിക്കാന്‍ ഒത്തുചേര്‍ന്ന മനുഷ്യത്വത്തിന്റെ വിജയമാണിത്. ഫണ്ടില്‍ ബാക്കിവന്ന തുകയെക്കുറിച്ചുള്ള കാര്യങ്ങള്‍ റഹീം നാട്ടിലെത്തിയ ശേഷം സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇരുപത് വര്‍ഷത്തെ ഇരുളടഞ്ഞ ജയില്‍വാസത്തിന് ശേഷം റഹീം മാതൃരാജ്യത്തിന്റെ മണ്ണില്‍ ചവിട്ടുമ്പോള്‍ അത് മാനവികതയുടെ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായി മാറുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026