ജിദ്ദ: 'വായന, എഴുത്ത്, സോഷ്യല്‍ മീഡിയ' എന്ന വിഷയത്തില്‍ അക്ഷരം വായന വേദി സംഘടിപ്പിച്ച സാമൂഹ്യ-സാംസ്‌കാരിക സംവാദം ശ്രദ്ധേയമായി. വായന, എഴുത്ത്, സോഷ്യല്‍ മീഡിയ തുടങ്ങിയ സര്‍ഗാത്മക കര്‍മ്മങ്ങളെല്ലാം സാമൂഹ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ലോക സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാര്‍ പത്രപ്രവര്‍ത്തന രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കിയവരായിരുന്നുവെന്നും, സാഹിത്യവും പത്രപ്രവര്‍ത്തനവും അഭേദ്യമായി ഇഴചേര്‍ന്നു നില്‍ക്കുന്നുവെന്നും പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മുസാഫിര്‍ അഭിപ്രായപ്പെട്ടു. സാഹിത്യാഭിരുചിയില്ലാത്തവര്‍ക്ക് വാര്‍ത്തകളില്‍ സാഹിത്യം കടന്നുവരുന്നത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്ന് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം വ്യക്തമാക്കി. തന്റെ ജീവിതത്തില്‍ വായന എങ്ങനെ കടന്നുവന്നു എന്ന് ഓര്‍ക്കുന്നില്ലെങ്കിലും, 'ഉമ്മാച്ചി', 'തുര്‍ക്കി വിപ്ലവം' തുടങ്ങിയ പുസ്തകങ്ങളായിരുന്നു ആദ്യമായി വായിച്ചതെന്ന് മുസാഫിര്‍ അനുസ്മരിച്ചു. 'വായന തീപിടിച്ച നൃത്തമാണ്' എന്ന കെ.പി. അപ്പന്റെ പ്രസ്താവന തന്നെ ഏറെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നെല്ലാം പ്രചോദിതനായി സ്‌കൂള്‍ പഠനകാലത്ത് തന്നെ എഴുതിത്തുടങ്ങി. ചന്ദ്രിക ബാലപംക്തിയിലേക്കും മാതൃഭൂമിയിലേക്കും അയച്ചുകൊടുത്ത സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ലഭിച്ച നിര്‍വൃതി വിവരണാതീതമായിരുന്നു. കോളേജ് പഠനകാലത്ത് മാഗസിന്‍ എഡിറ്ററായതും, പിന്നീട് മലയാള മനോരമയുടെ ഒറ്റപ്പാലം റിപ്പോര്‍ട്ടറായി സേവനം അനുഷ്ഠിച്ചതും ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റജിയ വീരാന്‍ തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. ഇതിനകം നാല് കൃതികള്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തരവാദിത്വങ്ങള്‍' എന്ന വിഷയം അബ്ദുല്ല പെരിങ്ങാടി അവതരിപ്പിച്ചു. സാമൂഹ്യജീവിയായ മനുഷ്യന് തന്റെ ആശയങ്ങള്‍ പങ്കുവെക്കാനുള്ള നൂതനമാര്‍ഗമാണ് സോഷ്യല്‍ മീഡിയ എന്നും, അതില്‍ ക്രിയാത്മക ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സോഷ്യല്‍ മീഡിയയിലെ 'കളയും വിളയും' തിരിച്ചറിഞ്ഞായിരിക്കണം അത് ഉപയോഗപ്പെടുത്തേണ്ടതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
മാനുഷിക മൂല്യങ്ങളെ പ്രകാശിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്ന് കെ.ടി. അബൂബക്കര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ പോസ്റ്റുകള്‍ക്ക് റീച്ച് കിട്ടാന്‍ ഏതറ്റം വരെയും പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സലാഹ് കാരാട് പറഞ്ഞു. റാഫി കൊച്ചി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
അബ്ദുല്‍ ലതീഫ് കരിങ്ങനാട്, ജസീന ബഷീര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സുല്‍ഫിക്കര്‍ കാലിക്കറ്റ്, മുംതാസ് മെഹ്‌മൂദ്, അബ്ദുസ്സുബ്ഹാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട് സ്വാഗതവും എം. അഷ്‌റഫ് നന്ദിയും പറഞ്ഞു. മുംതാസ് മെഹ്‌മൂദ് ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു. നൗഷാദ് നിടോളി, സൈനുദ്ദീന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News