മക്ക: വിശുദ്ധ മക്കയിലെ ഇരു ഹറം മസ്ജിദുകളുടെ വാസ്തുവിദ്യാ പ്രദര്‍ശന നഗരിയില്‍ ചരിത്രപ്രേമികളെയും തീര്‍ത്ഥാടകരെയും ആകര്‍ഷിച്ച് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആറ് അപൂര്‍വ്വ മാര്‍ബിള്‍ ശിലകള്‍. ഹിജ്ര 13-ാം നൂറ്റാണ്ടിലെ (ക്രിസ്തുവര്‍ഷം 19-ാം നൂറ്റാണ്ട്) മസ്ജിദുല്‍ ഹറാമിന്റെ സാംസ്‌കാരിക പൈതൃകവും വാസ്തുവിദ്യാ മനോഹാരിതയും വിളിച്ചോതുന്നതാണ് ഈ ശേഖരം. ഹിജ്ര 1299-ല്‍ (ക്രിസ്തുവര്‍ഷം 1881) നിര്‍മ്മിക്കപ്പെട്ട ഈ മാര്‍ബിള്‍ പാളികള്‍ ഒരുകാലത്ത് മസ്ജിദുല്‍ ഹറാമിന്റെ പ്രധാന മണ്ഡപങ്ങളെയും തൂണുകളെയും അലങ്കരിച്ചിരുന്നവയാണ്.
അറബിക് കാലിഗ്രാഫിയുടെ അതിവിശിഷ്ടവും അതിലോലവുമായ കലാവൈഭവമാണ് ഈ ശിലകളില്‍ ദര്‍ശിക്കാനാകുന്നത്. അല്ലാഹുവിന്റെ തിരുനാമവും പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ്വ) നാമവും ഇതില്‍ കൊത്തിവെച്ചിട്ടുണ്ട്. കൂടാതെ സച്ചരിതരായ നാല്‍വര്‍ ഖലീഫമാരായ അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ ഇബ്‌നുല്‍ ഖത്താബ്, ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍, അലി ഇബ്‌നു അബീത്വാലിബ് എന്നിവരുടെ പേരുകളും ആ കാലഘട്ടത്തിന്റെ തനതായ അലങ്കാര ശൈലിയില്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു.
മസ്ജിദുല്‍ ഹറാം വിവിധ കാലഘട്ടങ്ങളിലായി കൈവരിച്ച വാസ്തുവിദ്യാ വികസനത്തിന്റെ ജീവിക്കുന്ന തെളിവുകളാണ് ഈ മാര്‍ബിള്‍ പാളികള്‍. ഇസ്ലാമിക വാസ്തുവിദ്യയുടെയും കാലിഗ്രാഫിയുടെയും തനിമയും സൗന്ദര്യവും അടുത്തറിയാന്‍ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെയും ഗവേഷകരെയും ഏറെ സഹായിക്കുന്നു.
ഇരു ഹറം മസ്ജിദുകളും കടന്നുപോയ ചരിത്രപരമായ ഘട്ടങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന അപൂര്‍വ്വ വസ്തുക്കളുടെ ശേഖരമുള്ളതിനാല്‍, ഈ പ്രദര്‍ശനം സന്ദര്‍ശകര്‍ക്കിടയിലും ചരിത്ര ഗവേഷകര്‍ക്കിടയിലും വലിയ ശ്രദ്ധയാണ് നേടുന്നത്. ഈ പൈതൃക വസ്തുക്കള്‍ വരുംതലമുറകള്‍ക്കായി കൃത്യമായി സംരക്ഷിച്ചുവെക്കുന്ന സൗദി അറേബ്യയുടെ നിരന്തരമായ താല്പര്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്.
Related News