പറവൂര്‍: നാലര മാസത്തെ സൗദി അറേബ്യയിലെ ജയില്‍വാസത്തിനു ശേഷം വെടിമറ തോപ്പില്‍ പറമ്പ് ഷിജുമോന്‍ (42) വീടണഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ജിദ്ദയില്‍ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെത്തിയ ഷിജുമോന്‍, ട്രെയിന്‍ മാര്‍ഗം കോഴിക്കോടെത്തി. അവിടെ നിന്ന് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് വീട്ടിലെത്തിയത്.
രണ്ട് വര്‍ഷം മുമ്പ് ഒരു കാര്‍ റെന്റല്‍ കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് ചേര്‍ന്ന ഷിജുമോന്‍, കമ്പനിയില്‍ ശമ്പളം മുടങ്ങിയപ്പോള്‍ കമ്പനിയുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഓടിച്ചു. എന്നാല്‍ അമേരിക്ക ഇറാന്‍ സംഘര്‍ഷത്തോടെ ഗള്‍ഫില്‍ ഉടലെടുത്ത പ്രതിസന്ധിയെത്തുടര്‍ന്ന് ഓട്ടം കുറഞ്ഞു. ഇക്കാലയളവിലെ വാടക നല്‍കേണ്ടതില്ലെന്ന് പറഞ്ഞ കമ്പനി പിന്നീട് വാക്ക് മാറ്റി. ഇതോടെ വാടക കുടിശികയായ മൂന്നേകാല്‍ ലക്ഷം രൂപ കൊടുക്കാന്‍ നിവൃത്തിയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസ് പിടിയിലാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. കമ്പനി വാടക കുടിശിക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെ ജയില്‍ മോചനം നീണ്ടു.
വിവരമറിഞ്ഞ് മുസ്ലിം ലീഗ് പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അബ്ദുള്ള, സൗദിയിലെ ഗ്ലോബല്‍ കെ.എം.സി.സി. എറണാകുളം ജില്ലാ പ്രസിഡന്റും സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായ നാസര്‍ എടവനക്കാടിനെ ബന്ധപ്പെട്ടതോടെയാണ് മോചനമാര്‍ഗം തുറന്നത്. വൃദ്ധമാതാപിതാക്കളുടെ ഏകാശ്രയമാണ് ഷിജുവെന്ന് ബോധ്യപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വത്തില്‍, ജിദ്ദ ആലുവ കൂട്ടായ്മ, സേവ, മുസ് രിസ് തുടങ്ങിയ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ തുക സ്വരൂപിച്ച് മൂന്നേകാല്‍ ലക്ഷം രൂപ കോടതിയില്‍ അടയ്ക്കുകയായിരുന്നു. എന്നാല്‍ ഷിജു മോചിതനാകുന്നതിന് തൊട്ടുമുമ്പ്, പിതാവ് മുഹമ്മദ് രണ്ട് ആഴ്ച മുമ്പ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഈ വിവരം ജയിലധികൃതരെ അറിയിക്കുകയും, ഒടുവില്‍ ഇന്ത്യന്‍ എംബസി ഇടപെടുകയും ചെയ്തതോടെയാണ് മോചനം വേഗത്തിലായത്.
വീട്ടിലെത്തിയ ഷിജുമോനെ നാസര്‍ എടവനക്കാടിന്റേയും കെ.കെ. അബ്ദുള്ളയുടേയും നേതൃത്വത്തില്‍ ഒരു സംഘം സന്ദര്‍ശിച്ചു. തന്റെ മോചനത്തിനായി ഇടപെട്ട കെ.എം.സി.സിയോടും മുസ്ലിം ലീഗിനോടും തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്ന് ഷിജുമോന്‍ പറഞ്ഞു.
മുസ്ലിം ലീഗ് പറവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ഹാറൂണ്‍ ഷാ സുല്‍ത്താന്‍, ടൗണ്‍ സെക്രട്ടറി ടി.ബി. സാലി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ഇ. മുഹമ്മദ് ഇര്‍ഫാന്‍, സിദ്ധീക്ക് എടവനക്കാട്, കെ.എം. ഇബ്രാഹിം കുട്ടി, കെ.എച്ച്. റിയാസ്, ടി.എസ്. ഷാനവാസ്, ടി.എസ്. ഷാജു തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു. കെ.എം.സി.സി.യുടെ ഇടപെടലിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Related News