l o a d i n g

കായികം

ഫുട്‌ബോള്‍ ഗോള്‍ പോസ്റ്റുകള്‍ക്കുമപ്പുറം

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025


സ്‌പെയിനിന്റെ ഭാഗമാണെങ്കിലും സ്വയംഭരണാവകാശമുള്ള ഒരു പ്രദേശമാണ് ബാസ്‌ക്. സ്‌പെയിനിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ബാസ്‌ക് ഭാഷയും സംസ്‌കാരവും പിന്തുടരുന്ന ജനതയാണ് ഈ പ്രദേശത്ത് വസിക്കുന്നത്. സ്‌പെയിനിന്റെ ഭാഗമായിരിക്കുമ്പോഴും എല്ലാ തരത്തിലും സ്വതന്ത്രമായ ആശയവും നിലപാടുകളുമുള്ള പ്രദേശം കൂടിയാണ് ബാസ്‌ക്. ഫിഫയുടെയും യുവേഫയുടെയും അംഗീകാരം ഇല്ലെങ്കിലും ഈ പ്രദേശത്തിന് സമ്പന്നമായൊരു ഫുട്‌ബോള്‍ ചരിത്രമുണ്ട്. സ്പാനിഷ് ആഭ്യന്തര ലീഗായ ലാ ലിഗയിലെ സ്ഥിരസാന്നിധ്യമായ അത്‌ലറ്റിക്ക് ബില്‍ബാവോ, റിയല്‍ സോസിഡാഡ്, ഡിപോര്‍ട്ടിവോ അലാവസ് തുടങ്ങിയ ടീമുകളൊക്കെ ബാസ്‌ക് മേഖലയില്‍ നിന്നുള്ള ക്ലബ്ബുകളാണ്. ഒപ്പം ഇന്നത്തെ റയല്‍ മാഡ്രിഡ് പരിശീലകനും, ഒരുകാലത്ത് സ്പാനിഷ് ഫുട്‌ബോളിന്റെ മധ്യനിരയിലെ നട്ടെല്ലുമായിരുന്ന സാബി അലോണ്‍സോയും, റിയല്‍ സോസിഡാഡിന്റെ പ്രധാന താരവുമായ മിഖായേല്‍ ഒയാര്‍സബാലുമൊക്കെ ഈ പ്രദേശത്ത് ജനിച്ച് വളര്‍ന്നവരാണ്.

ഇപ്പോള്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയോടെ ഫലസ്തീന്‍ ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി ക്ഷണിച്ചിരിക്കുകയാണ് ബാസ്‌ക് ഫുട്‌ബോള്‍ ഫെഡറേഷന്‍. ഈ വരുന്ന നവംബര്‍ 15ന് ബാസ്‌ക് ദേശീയ ടീമും ഫലസ്തീന്‍ ദേശീയ ടീം തമ്മിലാണ് സൗഹൃദ മത്സരം നടക്കുന്നത്. ലാലിഗ ക്ലബ്ബായ അത്‌ലറ്റിക്ക് ബില്‍ബാവോയുടെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ സാന്‍മാമെസ് മൈതാനമാണ് വേദി. ഈ മൈതാനത്ത് കഴിഞ്ഞ വാരം നടന്ന ബില്‍ബാവോ -ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും നിറഞ്ഞ ഗാലറി ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അതുപോലെ ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയുടെ ഇരകള്‍ക്കുള്ള ഐക്യദാര്‍ഢ്യമാണ് ഫലസ്തീന്‍ ദേശീയ ടീമുമായുള്ള സൗഹൃദ മത്സരമെന്നും ബാസ്‌ക് ഫുട്‌ബോള്‍ ഫെഡറേഷനും പറഞ്ഞു. ഫലസ്തീന് ഇത് വെറുമൊരു സൗഹൃദ മത്സരം മാത്രമായിരിക്കില്ല. മറിച്ച് തങ്ങള്‍ ഇവിടെ ഉണ്ടെന്നും തങ്ങളുടെ സ്വാതന്ത്ര്യം അംഗീകരിക്കപ്പെടണം എന്നുമുള്ള ശക്തമായ സന്ദേശം നല്‍കാനുള്ള ഒരു വേദി കൂടിയാണ്.

ഫലസ്തീന്‍ താരങ്ങള്‍ മൈതാനത്ത് നടത്തുന്ന ഓരോ നീക്കങ്ങളിലും ആ ദേശത്തിന്റെ ചോരയും കണ്ണീരും സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകളും ഒപ്പമുണ്ടാകും. പതിറ്റാണ്ടുകളായി ഒരു ജനതയനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെയും ചോരമണക്കുന്ന ഇടുങ്ങിയ തെരുവുകളുടെയും ഭയപ്പെടുത്തുന്ന ഓര്‍മ്മകളുണ്ടാവും. തീഗോളങ്ങള്‍ പൊതിഞ്ഞും, മരുന്നും ഭക്ഷണവും ലഭിക്കാതെയും പിടഞ്ഞു മരിച്ച തങ്ങളുടെ പൈതങ്ങളുടെ ഹൃദയം നുറുങ്ങുന്ന നിലവിളികള്‍ ഉണ്ടാവും. എസ്റ്റാഡിയോ സാന്‍മാമെസ് മൈതാനത്ത് ഉരുളുന്ന പന്തുകളില്‍ അല്പം വായു ആയിരിക്കില്ല നിറച്ചിരിക്കുക. മറിച്ച് ഒരു ജനത കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അറുതിയില്ലാത്ത പീഡനങ്ങളുടെയും ഗദ്ഗദങ്ങളുടെയും കൊടിയ ഭാരമാവും നിറഞ്ഞിരിക്കുക.

ലോകത്തിന്റെ രണ്ട് കോണുകളില്‍ നിലകൊള്ളുന്ന പ്രദേശങ്ങളാണ് ബാസ്‌കും ഫലസ്തീനും. എന്നാല്‍ ബാസ്‌കിലെ ജനതക്ക് സ്വാതന്ത്ര്യത്തോടെ അവരുടെ സംസ്‌കാരം പിന്തുടരാം. അവരുടെ ഭാഷ സംസാരിക്കാം. അവരുടെ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കാം. തീന്‍മേശയില്‍ അവരുടെ ഭക്ഷണത്തിന്റെ രുചിയാസ്വദിക്കാം. അവരുടെ കുഞ്ഞുങ്ങള്‍ക്കൊപ്പം ചിരിച്ചുല്ലസിച്ച് നടക്കാം. വീട്ടില്‍ സമാധാനത്തോടെ കിടന്നുറങ്ങാം. അവര്‍ക്കാരെയും ഭയപ്പെടേണ്ടതില്ല. എന്നാല്‍ മധ്യപൂര്‍വേഷ്യയുടെ ചുട്ടുപഴുത്ത ഒരു കൊലക്കളമാണിന്ന് ഫലസ്തീന്‍. അവര്‍ അത്യാധുനിക ആയുധങ്ങളില്‍ നിന്ന് പുറപ്പെടുന്ന തീഗോളങ്ങളെ ഭയക്കണം. കുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ ദാരുണമായി കൊല്ലപ്പെടുന്നത് വിറങ്ങലിച്ച് നോക്കി നില്‍ക്കണം. പട്ടിണി മൂലം മനുഷ്യര്‍ മരിച്ചു വീഴുന്നത് ഒന്നും ചെയ്യാനാവാതെ കണ്ടു നില്‍ക്കണം. ബാസ്‌കിലെ പ്രധാന പട്ടണമായ ബില്‍ബാവോയിലെ ഒരു കുഞ്ഞ് ഫുട്‌ബോള്‍ ആരാധകന് എസ്റ്റാഡിയോ സാന്‍മാമെസ് മൈതാനത്തിന്റെ ഇരിപ്പിടത്തിലേക്ക് ധൈര്യത്തോടെ കടന്നുചെല്ലാം. എന്നാല്‍ ഗസ്സയിലെ ഒരു കുട്ടിക്ക് തന്റെ രാജ്യത്തിന്റെ മത്സരഫലം അറിയാനായി റേഡിയോ തുറക്കുമ്പോള്‍ ആ പ്രദേശത്ത് ബോംബ് വീണ് വൈദ്യുതിബന്ധം അറ്റു പോയിട്ടുണ്ടാവും. ഒരുപക്ഷേ തന്റെ രാജ്യത്തിന്റെ വിജയത്തിനായി കാത്തിരുന്ന ആ കുഞ്ഞു ഫുട്‌ബോള്‍ പ്രേമിയുടെ ജീവനും കത്തിയമര്‍ന്ന് പോയിട്ടുണ്ടാവും. അത്രയേറെ ഭയാനകമായ പീഡനമാണ് ഒരു ജനത കാലങ്ങളായി അനുഭവിച്ച് വരുന്നത്. ആ മത്സരത്തില്‍ ഫലസ്തീന്‍ തോറ്റു പോയാലും കാലങ്ങളായി ദുരിതമനുഭവിക്കുന്ന ആ ജനത ഇങ്ങനെ പറയും.

' ഫലസ്തീന്‍ ഞങ്ങളുടെ മണ്ണാണ്. ഞങ്ങളുടെ ആത്മാവും. അവിടെ ഞങ്ങള്‍ സ്വന്തമായൊരു ശബ്ദമുയര്‍ത്തും. '

രണ്ടുവര്‍ഷമായി മാനുഷിക മര്യാദകളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തി ഫലസ്തീന് മേല്‍ ഭീകരകൃത്യങ്ങള്‍ തുടരുകയാണ് ഇസ്രായേല്‍. നിരവധി രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. അക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സ്‌പെയിന്‍. ഇസ്രായേലിനെതിരെ സമീപകാലങ്ങളിലായി അന്താരാഷ്ട്ര വേദികളില്‍ കനത്ത ശബ്ദത്തില്‍ പ്രതികരിക്കുന്നുണ്ട് ആ രാജ്യം. ലോകകപ്പിന് ഇസ്രായേല്‍ യോഗ്യത നേടിയാല്‍ സ്പാനിഷ് ടീമിനെ അവിടേക്ക് അയക്കുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ് പറഞ്ഞത് ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ബാസ്‌ക് - ഫലസ്തീന്‍ മത്സരഫലം എന്തായാലും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പൊന്‍കിരണം ഫലസ്തീനുമേല്‍ പിറവികൊള്ളട്ടെ.

Latest News

റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
കാവനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കെഎംസിസി സ്വീകരണം
September 21, 2026
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി  ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
ഏഷ്യന്‍ ഗെയിംസ്: ആറു മെഡലുമായി ഇന്ത്യ; ഷൂട്ടിങ്ങില്‍ അഞ്ച്
September 21, 2026
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം  അതിര്‍ത്തിയിലെ ജനത
തുളുവിന് ഭാഷാ പദവി നല്‍കി കര്‍ണാടകയുടെ ലക്ഷ്യം അതിര്‍ത്തിയിലെ ജനത
September 21, 2026
Breaking News  റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
Breaking News റെഡ് സീ ഫിലിം ഫെസ്റ്റിവല്‍ ഇക്കൊല്ലമില്ല, അടുത്ത വര്‍ഷത്തേക്ക് മാറ്റി
September 21, 2026
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
ഒടുവില്‍ സഹി കെട്ട് മഞ്ജു, ഷാജന്‍ സ്‌കറിയ രണ്ടാം പ്രതി
September 21, 2026
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന്  മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
ഏഷ്യാഡ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മൂന്ന് മെഡല്‍, ഹോക്കിയില്‍ ഗോള്‍വര്‍ഷം
September 21, 2026
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
വീട് ലേലവും ജി.എസ്.ടി നോട്ടീസും, ആന്റൊ അഗസ്റ്റിന് കുരുക്ക് മുറുകുന്നു
September 21, 2026
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
കാലിക്കറ്റ് എഫ്.സി താരം റിജോണിന് ദാരുണാന്ത്യം, സഹ താരത്തിന് പരിക്ക്
September 21, 2026
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
ഐഐടി ബോംബെ വിദ്യാര്‍ത്ഥി സാഹില്‍ വകോളെയുടെ മരണം: വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫാക്കല്‍റ്റിക്കെതിരെ കേസ്
September 21, 2026