പട്‌ന- ബിഹാറിലെ നളന്ദയില്‍ ഒരു നാരങ്ങയെച്ചൊല്ലിയുണ്ടായ തര്‍ക്കം പന്ത്രണ്ട് വയസ്സുകാരന്റെ ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചു. അസ്ഥാവന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശക്രവണ്‍ ഗ്രാമത്തില്‍ താമസിക്കുന്ന ശുഭം കുമാര്‍ എന്ന ബാലനാണ് അയല്‍വാസികളുടെ ക്രൂരതക്ക് ഇരയായത്. വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ശുഭം, അടുത്ത വീട്ടിലെ മരത്തില്‍നിന്നു താഴെ വീണ നാരങ്ങ എടുത്തതാണ് വീട്ടുടമയെ പ്രകോപിപ്പിച്ചത്. കുട്ടി അനുവാദമില്ലാതെ നാരങ്ങ പറിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ താഴെ വീണ നാരങ്ങയാണ് കുട്ടി എടുത്തതെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തുന്നു.
വീട്ടുടമയും പന്ത്രണ്ടോളം വരുന്ന സംഘവും ചേര്‍ന്ന് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് കുട്ടി മരണപ്പെട്ടതോടെ ഗ്രാമത്തില്‍ വലിയ തോതിലുള്ള സംഘര്‍ഷാവസ്ഥയുണ്ടായി. രോഷാകുലരായ നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹവുമായി തെരുവില്‍ പ്രതിഷേധിക്കുകയും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളായതോടെ പോലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും എസ്.പി ഭരത് സോണി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ 12 പോലീസ് സ്റ്റേഷനുകളില്‍നിന്നുള്ള ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Related News