റിയാദ്: സൗദി അറേബ്യയുടെ വിനോദ-സഞ്ചാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഖിദ്ദിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പ്രഖ്യാപിച്ചു. പുതിയ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഖിദ്ദിയയെ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് (KAFD) എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
യാത്രാസമയം 30 മിനിറ്റായി കുറയും
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ നിലവിലെ യാത്രാസമയത്തില്‍ 75 ശതമാനത്തോളം കുറവ് വരുത്തും. നിലവില്‍ റോഡ് മാര്‍ഗം രണ്ട് മണിക്കൂറോളം എടുക്കുന്ന ദൂരം ഇതോടെ വെറും 30 മിനിറ്റായി ചുരുങ്ങും. റിയാദിന്റെ പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരവല്‍ക്കരണവും കണക്കിലെടുത്താണ് ഈ വന്‍കിട ഗതാഗത പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
തലസ്ഥാനത്തെ ഗതാഗത ശൃംഖല ശക്തമാക്കുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ റെഡ് ലൈന്‍ 'ദിരിയ' വരെ നീട്ടുന്നതിനുള്ള കരാര്‍ റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി പ്രഖ്യാപിച്ചു. 7.1 കിലോമീറ്റര്‍ ഭൂഗര്‍ഭ തുരങ്കപാതയും 1.3 കിലോമീറ്റര്‍ എലവേറ്റഡ് ട്രാക്കും ഇതിലുണ്ടാകും. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലും ദിരിയയിലും പുതിയ സ്റ്റേഷനുകള്‍ വരും. പ്രതിദിനം ഏകദേശം 1.5 ലക്ഷം കാറുകള്‍ നിരത്തില്‍ നിന്ന് കുറയ്ക്കാന്‍ ഈ പദ്ധതി സഹായിക്കും. ബുജൈരി ടെറസ്, വാദി സഫര്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഇത് സുഗമമാക്കും.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്
പുതിയ ഗതാഗത സൗകര്യങ്ങള്‍ റിയാദിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഖലീജിയ ഹോള്‍ഡിംഗ് വൈസ് ചെയര്‍മാന്‍ ബന്ദര്‍ അല്‍-സാദൂന്‍ അഭിപ്രായപ്പെട്ടത്, കിംഗ് അബ്ദുള്ള റോഡ് വഴിയുള്ള റെഡ് ലൈന്‍ വിപുലീകരണം വസ്തുവകകളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നാണ്. വിമാനത്താവളം, കണ്‍വെന്‍ഷന്‍ സെന്റര്‍ (എക്‌സ്‌പോ 2030), മുറബ്ബ തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്നതോടെ നിക്ഷേപകര്‍ക്ക് ഈ ഇടനാഴി പ്രിയപ്പെട്ടതാകും.
ഖിദ്ദിയക്ക് സമീപമുള്ള ഭൂമിവിലയില്‍ 2023 മുതല്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഖിദ്ദിയ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 1.7 കോടി സന്ദര്‍ശകരെയും 3.25 ലക്ഷം തൊഴിലവസരങ്ങളുമാണ് രാജ്യം പ്രതീക്ഷിക്കുന്നത്. വിഷന്‍ 2030-ന്റെ ഭാഗമായി സ്വദേശികളുടെ വീട് ഉടമസ്ഥാവകാശം 70 ശതമാനമായി ഉയര്‍ത്തുന്നതിനും പ്രതിവര്‍ഷം 15 കോടി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഈ പദ്ധതികള്‍ കരുത്തുപകരും.
എന്താണ് ഖിദ്ദിയ?
റിയാദിന് സമീപം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഖിദ്ദിയ വെറുമൊരു ടൂറിസം കേന്ദ്രമല്ല, മറിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിനോദ നഗരമായി മാറാനൊരുങ്ങുന്ന ബൃഹത്തായ പദ്ധതിയാണ്. വിനോദം, കായികം, കല എന്നിവയുടെ ഒരു സംഗമഭൂമിയായി ഖിദ്ദിയയെ മാറ്റാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
ഖിത്തിയയിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്ന് സിക്‌സ് ഫ്‌ലാഗ്‌സ് ആണ്. ഇത് ഖിദ്ദിയയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണമാണ്. വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ സിക്‌സ് ഫ്‌ലാഗ്‌സ് തീം പാര്‍ക്കാണിത്. ഫാല്‍ക്കണ്‍സ് ഫ്‌ലൈറ്റ്: ലോകത്തിലെ ഏറ്റവും വേഗതയേറിയതും നീളമേറിയതും ഉയരമുള്ളതുമായ റോളര്‍ കോസ്റ്റര്‍്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇത് സാഹസിക പ്രിയരുടെ പ്രധാന ലക്ഷ്യമാണ്. പാര്‍ക്കില്‍ ആകെ 28 റൈഡുകളുണ്ട്, അതില്‍ പലതും ലോക റെക്കോര്‍ഡുകള്‍ ഭേദിക്കുന്നവയാണ്.
അക്വാറാബിയ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കാണിത്. 2,50,000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാര്‍ക്ക് ഊ വര്‍ഷം മാര്‍ച്ചില്‍ തുറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജുനൂണ്‍ ഡ്രോപ്പ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടര്‍ കോസ്റ്ററും സൗദി അറേബ്യയിലെ ആദ്യത്തെ സര്‍ഫ് പൂളും ഇവിടെയുണ്ടാകും.
ഡ്രാഗണ്‍ ബോള്‍ തീം പാര്‍ക്ക്: ലോകപ്രശസ്ത അനിമേഷന്‍ പരമ്പരയായ 'ഡ്രാഗണ്‍ ബോളി'നെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ലോകത്തിലെ ഏക തീം പാര്‍ക്കാണിത്. 5 ലക്ഷം ചതുരശ്ര മീറ്ററില്‍ പണിയുന്ന പാര്‍ക്കില്‍ 30-ലധികം റൈഡുകള്‍ ഉണ്ടാകും. പാര്‍ക്കിന്റെ നടുവില്‍ 70 മീറ്റര്‍ ഉയരമുള്ള ഒരു ഭീമന്‍ ഡ്രാഗണ്‍ പ്രതിമയും അതിനുള്ളിലൂടെ കടന്നുപോകുന്ന റോളര്‍ കോസ്റ്ററും ഒരുങ്ങുന്നു.
സ്പീഡ് പാര്‍ക്ക് ട്രാക്ക്: ഫോര്‍മുല വണ്‍ (എ1) മത്സരങ്ങള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ ഒരുങ്ങുന്ന റേസിംഗ് ട്രാക്കാണിത്. 20 നില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് (70 മീറ്റര്‍) കയറിപ്പോകുന്ന ലോകത്തിലെ ആദ്യത്തെ എലവേറ്റഡ് ട്രാക്ക് കോര്‍ണര്‍ ഇതിന്റെ പ്രത്യേകതയാണ്. 2028-ഓടെ ഇവിടെ ലോകോത്തര റേസിംഗ് മത്സരങ്ങള്‍ നടക്കും.
പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം: മലമുകളില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക മള്‍ട്ടി-പര്‍പ്പസ് സ്റ്റേഡിയമാണിത്. 2034-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന പ്രധാന വേദികളിലൊന്നായിരിക്കും ഇത്. ഇതിന്റെ മൂന്ന് വശങ്ങളും ഡിജിറ്റല്‍ സ്‌ക്രീനുകളാല്‍ നിര്‍മ്മിതമായിരിക്കും.
മറ്റ് ആകര്‍ഷണങ്ങള്‍: പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍: കലാസാംസ്‌കാരിക പരിപാടികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളുള്ള വേദി. ലോകത്തിലെ ആദ്യത്തെ ഇ-സ്‌പോര്‍ട്‌സ് കേന്ദ്രീകൃത നഗര മേഖലയും ആഡംബര ഗോള്‍ഫ് കോഴ്‌സുകളും താമസ സൗകര്യങ്ങളും ഒക്കെ അടങ്ങുന്നതാണ് ഖിദ്ദിയ പ്രദേശം.
ഖിദ്ദിയ പദ്ധതിയുടെ മൊത്തം നിര്‍മ്മാണച്ചെലവ് ഏകദേശം 40 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 150 ബില്യണ്‍ സൗദി റിയാല്‍) ആണെന്നാണ് കണക്കാക്കപ്പെ'ട്ടിട്ടുള്ളത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ജകഎ) ആണ് ഈ ബൃഹത്തായ പദ്ധതിക്ക് പിന്നിലെ പ്രധാന നിക്ഷേപകര്‍.
സൗദി വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും യുവാക്കള്‍ക്ക് പുതിയ മേഖലകളില്‍ അവസരങ്ങള്‍ നല്‍കുന്നതിനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ സിറ്റി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഏകദേശം 3,25,000 സ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം, ഹോസ്പിറ്റാലിറ്റി (ഹോട്ടലുകള്‍), വിനോദ മേഖല (തീം പാര്‍ക്കുകള്‍), കായികം, റീട്ടെയില്‍ (ഷോപ്പിംഗ്), റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലാകും കൂടുതല്‍ അവസരങ്ങള്‍. പ്രതിവര്‍ഷം 4.8 കോടി സന്ദര്‍ശകരെയാണ് ഖിദ്ദിയ ലക്ഷ്യമിടുന്നത്.
Related News