റിയാദ്: സൊമാലിയയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ റഹ്‌മയെയും റംലയെയും വേര്‍പെടുത്തുന്ന സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ റിയാദിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വ്യാഴാഴ്ച ഉച്ചയോടെ ആരംഭിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശപ്രകാരമാണ് ശസ്ത്രക്രിയ നടക്കുന്നത്.
റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ മേധാവിയുമായ ഡോ. അബ്ദുള്ള അല്‍-റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കുന്നത്.
13 മാസം പ്രായമുള്ള ഇരട്ടകള്‍ താഴ്ഭാഗത്തെ വയറും ഇടുപ്പും ഒട്ടിപ്പിടിച്ച നിലയിലാണ്. ഇവര്‍ക്ക് മലദ്വാരവും വന്‍കുടലും പൊതുവായുള്ളതാണ്.
ഇതില്‍ 'റംല' എന്ന കുട്ടിക്ക് രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമാണ്. ശസ്ത്രക്രിയക്ക് ശേഷം ഈ കുട്ടിക്ക് ഡയാലിസിസ് ആവശ്യമായി വരും. 'റഹ്‌മ' എന്ന കുട്ടിക്ക് വലതുവശത്തെ വൃക്ക മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ശസ്ത്രക്രിയയിലെ സങ്കീര്‍ണ്ണതകള്‍ കണക്കിലെടുത്ത് ഏകദേശം 40% അപകടസാധ്യത മെഡിക്കല്‍ സംഘം വിലയിരുത്തുന്നുണ്ട്. എട്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിട്ടുള്ള ഈ ശസ്ത്രക്രിയ ഏകദേശം 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ 28 രാജ്യങ്ങളില്‍നിന്നായി 156 കേസുകള്‍ പഠിക്കുകയും 68 സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തുകയും ചെയ്ത ചരിത്രം ഈ മെഡിക്കല്‍ സംഘത്തിനുണ്ട്.
Related News