ജിസാന്‍: ജിസാനില്‍ അന്തരിച്ച കര്‍ണാടക ലക്ഷ്മി നഗര്‍ സ്വദേശിനി വഹീദാ ബാനു (56) വിന്റെ മൃതദേഹം ജിസാനില്‍ ഖബറടക്കി. വീട്ടുജോലിക്കായി ജിസാനിലെത്തിയ വഹീദ, സ്‌പോണ്‍സറുടെ കീഴിലല്ലാതെ പുറത്ത് ജോലി ചെയ്യുന്നതിനിടെ ഇഖാമ ഇല്ലാത്തതിനാല്‍ പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ജയിലില്‍ കഴിയവെ പ്രമേഹം മൂര്‍ച്ഛിച്ച് ഏപ്രില്‍ 12-നാണ് ഇവര്‍ മരണപ്പെട്ടത്.
മരണവിവരമറിഞ്ഞ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍ അംഗവും കെ.എം.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഖാലിദ് പട്‌ലയെ ബന്ധപ്പെടുകയും ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കെ.എം.സി.സി. ജിസാന്‍ വെല്‍ഫയര്‍ വിങ് വിഷയം ഏറ്റെടുത്തു.
ജനറല്‍ കണ്‍വീനര്‍ ഷമീര്‍ അമ്പലപ്പാറയുടെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയാണ് ജിസാന്‍ സബിയയില്‍ മൃതദേഹം ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബുധനാഴ്ച വൈകുന്നേരം സബിയ മസ്ജിദ് സുആയില്‍ അസര്‍ നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മൃതദേഹം ഖബറടക്കി. സ്വദേശികളും വിദേശികളുമടക്കം വന്‍ ജനാവലിയാണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
സി.സി.ഡബ്ല്യു.എ. അംഗം സയ്യിദ് ഖാഷിഫ്, കെ.എം.സി.സി. വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ ഗഫൂര്‍ വാവൂര്‍, ഷമീര്‍ അമ്പലപ്പാറ, സാദിഖ് മാസ്റ്റര്‍, ബഷീര്‍ ആക്കോട്, കബീര്‍ പൂക്കോട്ടൂര്‍, ഗഫൂര്‍ വെട്ടത്തൂര്‍, ഷമീര്‍ കൊടുവള്ളി എന്നിവരും, പരേതയുടെ നാട്ടുകാരായ ജാഫര്‍, ഇസ്മായീല്‍ വഹീദി, മുഹമ്മദ് മതീന്‍, മുഹമ്മദ് തുറാമ്പ് തുടങ്ങിയവരും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
Related News