വാഷിംഗ്ടണ്‍: ഒരു ഇറാനിയന്‍ കപ്പല്‍കൂടി യുഎസ് പിടിച്ചെടുത്തു. ഇന്ത്യന്‍ മഹാസുമുദ്രത്തില്‍വെച്ച് മെജസ്റ്റിക് എക്സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യുഎസ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
'ഇറാനു സാമ്പത്തിക സഹായം നല്‍കുന്ന, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കപ്പലുകളെ കണ്ടെത്തി പിടിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗോള തലത്തില്‍ നാവിക പ്രവര്‍ത്തനങ്ങള്‍ തുടരും. അവര്‍ എവിടെ പ്രവര്‍ത്തിച്ചാലും ഞങ്ങളുടെ നടപടികള്‍ ഉണ്ടാകും' യുഎസ് പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൂന്ന് ചരക്ക് കപ്പലുകളെ ബുധനാഴ്ച ആക്രമിക്കുകയും അതില്‍ രണ്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് യുഎസിന്റെ നടപടി.
മജസ്റ്റിക് എക്സ് കപ്പല്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കപ്പലിന്റെ ഡെക്കിലേക്ക് അമേരിക്കന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നത് കാണാം.
ഷിപ്പ് ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ഈ കപ്പല്‍ ശ്രീലങ്കയ്ക്കും ഇന്‍ഡോനീഷ്യക്കും ഇടയില്‍വെച്ചാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് കാണിക്കുന്നത്. നേരത്തെ അമേരിക്കന്‍ സൈന്യം ടിഫാനി എന്ന ഇറാനിയന്‍ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തിരുന്നു. ഇതേ മേഖലയില്‍നിന്ന് തന്നെയാണ് ടിഫാനിയും പിടികൂടിയത്. ഈ കപ്പല്‍ ചൈനയിലേക്കാണ് പോയിക്കൊണ്ടിരുന്നത്.
Related News