റിയാദ്: 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ സൗദി അറേബ്യയിലുടനീളം ട്രെയിന്‍ മാര്‍ഗ്ഗം യാത്ര ചെയ്തവരുടെ എണ്ണം 4.5 കോടി പിന്നിട്ടു. സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ യാത്രാ സൗകര്യങ്ങള്‍ റെയില്‍വേ വാഗ്ദാനം ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു.
നഗരങ്ങള്‍ക്കുള്ളിലെ റെയില്‍ ശൃംഖലകള്‍ വഴി മാത്രം 4.2 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. ഇതില്‍ റിയാദ് ട്രെയിന്‍ (മെട്രോ) വഴിയുള്ള യാത്രക്കാരുടെ എണ്ണമാണ് ഏറ്റവും കൂടുതല്‍ - 3.1 കോടി പേര്‍. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് പീപ്പിള്‍ മൂവര്‍ (APM) വഴി ഒരു കോടിയോളം പേരും, റിയാദിലെ പ്രിന്‍സസ് നൂറ ബിന്ത് അബ്ദുല്‍റഹ്‌മാന്‍ യൂണിവേഴ്‌സിറ്റിയിലെ ട്രെയിന്‍ വഴി 6.2 ലക്ഷത്തിലധികം പേരും യാത്ര ചെയ്തു. നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളില്‍, മക്ക-മദീന ഹറമൈന്‍ അതിവേഗ ട്രെയിന്‍ 20 ലക്ഷം യാത്രക്കാരെയാണ് ഈ പാദത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
റെയില്‍ മാര്‍ഗ്ഗമുള്ള ചരക്ക് നീക്കത്തിലും രാജ്യം വലിയ പുരോഗതി കൈവരിച്ചു. നാല് ദശലക്ഷം ടണ്ണിലധികം മിനറല്‍സും ചരക്കുകളുമാണ് ആദ്യ പാദത്തില്‍ നീക്കം ചെയ്തത്. ഇതില്‍ ഭൂരിഭാഗവും (30 ലക്ഷം ടണ്‍) നോര്‍ത്തേണ്‍ ട്രെയിന്‍ നെറ്റ്വര്‍ക്ക് വഴിയാണ് നടന്നത്. ഈസ്റ്റേണ്‍ ട്രെയിന്‍ ശൃംഖല വഴി 4.4 ലക്ഷം ടണ്‍ ചരക്കുകളും 1.9 ലക്ഷം കണ്ടെയ്നറുകളും നീക്കം ചെയ്തു. തുറമുഖങ്ങളെയും സാമ്പത്തിക മേഖലകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും സപ്ലൈ ചെയിന്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും റെയില്‍വേ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
Related News