ചെന്നൈ/തിരുവനന്തപുരം/കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തമിഴ്നാട്ടിലും കേരളത്തിലും അപ്രതീക്ഷിത മുന്നേറ്റങ്ങളുമായി പ്രതിപക്ഷം. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേരളത്തില്‍ പിണറായി വിജയനും പിന്നിലായ വാര്‍ത്തകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗാളില്‍ അധികാരം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
തമിഴ്നാട്ടില്‍ 'വിജയ്' തരംഗം; അടിപതറി ദ്രാവിഡ കക്ഷികള്‍
തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമെഴുതിക്കൊണ്ട് നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം കരുത്തുറ്റ സാന്നിധ്യമായി മാറി. സൂപ്പര്‍ താരം രാഷ്ട്രീയത്തിലിറങ്ങിയ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ വിറപ്പിക്കുന്ന പ്രകടനമാണ് ടിവികെ കാഴ്ചവെക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മന്ത്രി ഉദയനിധി സ്റ്റാലിന്‍ എന്നിവര്‍ സ്വന്തം മണ്ഡലങ്ങളില്‍ പിന്നിലാണ്.
എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും തങ്ങളുടെ സീറ്റുകളില്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായതോടെ ദ്രാവിഡ രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ക്ക് സാധ്യത തെളിഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് കോട്ടകള്‍ തകര്‍ത്തുക്കൊണ്ട് യുഡിഎഫ് വലിയ മുന്നേറ്റം നടത്തുന്നു. പാര്‍ട്ടി ഗ്രാമമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലായത് വലിയ അട്ടിമറിയായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.പി. അബ്ദുള്‍ റഷീദ് മുഖ്യമന്ത്രിയേക്കാള്‍ മുവായിരത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. പല മന്ത്രിമാരും സിറ്റിംഗ് എംഎല്‍എമാരും പരാജയഭീതിയിലാണ്. തപാല്‍ വോട്ടുകള്‍ക്ക് ശേഷം ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെയാണ് യുഡിഎഫിന്റെ ആധിപത്യം വ്യക്തമായത്.
ബംഗാളില്‍ ബിജെപി മുന്നേറ്റം; മമതയ്ക്ക് വെല്ലുവിളി
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് അധികാരം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 293 സീറ്റുകളിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് മാറ്റത്തിന്റെ തരംഗമാണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.
നന്ദിഗ്രാമിലും ഭവാനിപ്പൂരിലും മത്സരിക്കുന്ന സുവേന്ദു അധികാരി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദു വോട്ടുകളുടെ ഏകീകരണം നടന്നതായും മുസ്ലീം വോട്ടുകള്‍ പൂര്‍ണ്ണമായും തൃണമൂലിനൊപ്പമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. തൃണമൂല്‍ സര്‍ക്കാരിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായും ബിജെപിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യയും ദിലീപ് ഘോഷും പറഞ്ഞു.
നിലവില്‍ രാജ്യത്തെ 823 മണ്ഡലങ്ങളിലായി വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ അന്തിമ ചിത്രം വ്യക്തമാകും.
Related News