ജിദ്ദ: പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനാന്തരീക്ഷം അത്യാവശ്യമാണെന്നും പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് എപ്പോഴും സമാധാനമുണ്ടാക്കുന്നതിനാണ് ഇസ്ലാം പ്രാധാന്യം നല്‍കുന്നതെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍ അഭിപ്രായപ്പെട്ടു. ശത്രുക്കള്‍ മുന്നോട്ടുവെച്ച പ്രയാസകരമായ നിബന്ധനകള്‍ പോലും അംഗീകരിച്ചുകൊണ്ട് ഹുദൈബിയ്യാ സന്ധിയില്‍ ഒപ്പുവെച്ച പ്രവാചക നടപടിയെ 'വ്യക്തമായ വിജയം' എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഹുദൈബിയ്യ: മാറ്റത്തിന്റെ മാറ്റൊലികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ ഉംറയ്ക്കായി വന്ന പ്രവാചകനും അനുയായികളും തിരിച്ചുപോവുകയും തുടര്‍ന്നുള്ള വര്‍ഷത്തില്‍ അത് നിര്‍വ്വഹിക്കുകയും ചെയ്യുക, 10 വര്‍ഷത്തേക്ക് ഇരുവിഭാഗങ്ങള്‍ക്കിടയിലും യുദ്ധമില്ലാതിരിക്കുക, ആരെങ്കിലും ശത്രുപക്ഷത്തുനിന്ന് മുസ്ലിങ്ങളുടെ കൂടെ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും എന്നാല്‍ മുസ്ലിംകളില്‍ ആരെങ്കിലും ശത്രുക്കളുടെ കൂടെ കൂടിയാല്‍ അവരെ തിരിച്ചുവിടേണ്ടതില്ലെന്നും, മറ്റ് ഗോത്രങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭാഗങ്ങളുടെ കൂടെ കക്ഷിചേരാം തുടങ്ങിയവയായിരുന്നു സന്ധിയിലെ വ്യവസ്ഥകള്‍.
പ്രത്യക്ഷത്തില്‍ വിലയിരുത്തുമ്പോള്‍ എല്ലാ നിലയ്ക്കും മുസ്ലിംകള്‍ക്ക് നഷ്ടമെന്ന് തോന്നുന്ന ഈ കരാറില്‍ പ്രവാചകന്റെ അടുത്ത അനുയായികള്‍ പോലും കടുത്ത നിരാശയിലായിരുന്നു. എന്നാല്‍ സംഘര്‍ഷമില്ലാത്ത സാഹചര്യം ഉടലെടുത്തതോടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുകയും കരാറെഴുതാന്‍ ശത്രുക്കളുടെ പക്ഷത്ത് മുന്നില്‍ നിന്നവര്‍ പോലും ഇസ്ലാമിലേക്ക് കടന്നുവരുന്ന കാഴ്ചയുമാണ് പിന്നീട് കണ്ടത്. ഇത്തരം സംഭവങ്ങളില്‍നിന്ന് നാം പാഠമുള്‍ക്കൊള്ളണമെന്നും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സമാധാനാന്തരീക്ഷം അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് 'ഹജ്ജിന്റെ ആത്മീയ പാഠങ്ങള്‍' എന്ന വിഷയത്തില്‍ പ്രമുഖ ഇസ്ലാഹീ പ്രഭാഷകന്‍ അലി ശാക്കിര്‍ മുണ്ടേരി സംസാരിച്ചു. പ്രപഞ്ചസ്രഷ്ടാവിന് പൂര്‍ണ്ണമായും കീഴൊതുങ്ങുന്ന ഒരു പുണ്യകര്‍മ്മമാണ് ഹജ്ജെന്നും, എല്ലാ നിലയ്ക്കും തന്റെ ജീവിതം സ്രഷ്ടാവിന് സമര്‍പ്പിച്ച ഇബ്രാഹിം നബിയാണ് ആദ്യമായി ഹജ്ജിന്റെ വിളംബരം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ജീവിച്ചുപോയ പലരെയും പിന്നീടുള്ള തലമുറകള്‍ സ്വാഭാവികമായി മറന്നുപോകുമ്പോള്‍, ഇന്നുവരെ തന്റെ പേരില്‍ ഒരു എയര്‍പോര്‍ട്ടോ കെട്ടിടമോ പ്രതിമയോ ഒന്നും നിര്‍മ്മിക്കാതിരുന്നിട്ടും ലോകത്തെ മുസ്ലിംകളെപ്പോലെ തന്നെ ക്രൈസ്തവരും യഹൂദരുമെല്ലാം ഇബ്രാഹിം നബിയെ ഇന്നും സ്മരിക്കുന്നു. ഹജ്ജിന്റെ ഓരോ കര്‍മ്മങ്ങളിലും ആ പ്രവാചകന്റെ സ്മരണകള്‍ നമ്മിലേക്ക് കടന്നുവരുന്നു.
ലോകത്തെ വലിയ ഹോട്ടലുകളിലും വമ്പന്‍ വീടുകളിലുമെല്ലാം താമസിക്കുന്നവരും ഹജ്ജ് വേളയില്‍ മിനയിലും അറഫയിലുമൊക്കെ സാധാരണ ടെന്റുകളിലും, മുസ്ദലിഫയില്‍ ആ ടെന്റ് പോലുമില്ലാതെ ആകാശത്തിനു താഴെയും രാപ്പാര്‍ക്കുന്നു. കൂടാതെ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ മനുഷ്യരും രണ്ട് കഷ്ണം വെള്ളവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ഈ കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്നത് മനുഷ്യന്‍ തന്റെ സ്രഷ്ടാവിന് മുന്നില്‍ സര്‍വ്വതും സമര്‍പ്പിക്കുന്നതിന്റെ മനോഹരമായ കാഴ്ചയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞു. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ഷിഹാബ് സലഫി സമാപന പ്രസംഗം നിര്‍വ്വഹിക്കുകയും പരിപാടിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Related News