കൊച്ചി: പരസ്യ ചിത്രീകരണത്തിനെത്തിയ ഡല്‍ഹി സ്വദേശിയായ മോഡല്‍ പെരുമ്പാവൂരില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ഡല്‍ഹി അംബേദ്കര്‍ നഗര്‍ സ്വദേശിയായ ദിവ്യാന്‍ഷു ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂര്‍ കുറുപ്പുംപടിക്ക് സമീപം മുടക്കുഴ പഞ്ചായത്തിലെ പെട്ടിമല പാറമടയിലാണ് അപകടമുണ്ടായത്. പരസ്യ ചിത്രീകരണത്തിനായി ലൊക്കേഷന്‍ നോക്കാന്‍ എത്തിയ സംഘത്തിലെ അംഗമായിരുന്നു. പാറമടയിലെ വെള്ളത്തില്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി താഴ്ന്നു പോകുകയായിരുന്നു.
ഡല്‍ഹി ആസ്ഥാനമായ ഒരു വസ്ത്രനിര്‍മാണ കമ്പനിക്കു വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനാണ് ഡല്‍ഹിയില്‍ നിന്നുള്ള നാലംഗ സംഘം കേരളത്തിലെത്തിയത്. ചാലക്കുടയിലെ ഒരു ഏജന്‍സിക്കായിരുന്നു ചിത്രീകരണത്തിന്റെ ചുമതല. ഇന്ന് അവധിയായതിനാല്‍ നാളെ ഷൂട്ടിങ്ങിനുള്ള അനുമതി പഞ്ചായത്തില്‍ നിന്ന് വാങ്ങാനിരിക്കുകയായിരുന്നു സംഘമെന്ന് കോടനാട് പൊലീസ് വ്യക്തമാക്കി. അതിനു മുമ്പ് ലൊക്കേഷന്‍ കാണാനായാണു സംഘത്തിലെ ഏതാനും പേര്‍ ഇവിടെ എത്തിയത്. ദിവ്യാന്‍ഷു വെള്ളത്തിലേക്ക് ഇറങ്ങി. കൂടെയുണ്ടായിരുന്ന ആള്‍ വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ദിവ്യാന്‍ഷു ആഴത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു.
കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നൂറിലധികം അടി താഴ്ചയുള്ളതും പല തട്ടുകളായി കിടക്കുന്നതുമായ അപകടം നിറഞ്ഞ പാറമടയില്‍ പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ ഏകദേശം 30 അടി താഴ്ചയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Related News