ജിദ്ദ: ജിദ്ദ സൂപ്പര്‍ഡോമില്‍ നടന്നുവന്ന ആറാമത് ഹജ്ജ് കോണ്‍ഫറന്‍സ് & എക്സിബിഷന്‍ (ഹജ്ജ് കോണ്‍ഫെക്‌സ്) വന്‍ വിജയം. 2022-ല്‍ തുടക്കമിട്ട മേള പങ്കാളിത്തത്തിന്റെ കാര്യത്തില്‍ അഞ്ചിരട്ടിയിലധികം വളര്‍ച്ച കൈവരിച്ച് ചരിത്രപരമായ കുതിച്ചുചാട്ടം നടത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റാബിയ വ്യക്തമാക്കി. മേള ഇന്ന് വൈകിട്ട് സമാപിക്കും.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോണ്‍ഫറന്‍സിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുടെ കണക്കുകള്‍ മന്ത്രി വിശദീകരിച്ചത്. 2022-ല്‍ നടന്ന ആദ്യ പതിപ്പില്‍ 84 കമ്പനികളും സ്ഥാപനങ്ങളും മാത്രമാണ് പങ്കെടുത്തതെങ്കില്‍, ഈ വര്‍ഷം പങ്കെടുത്ത സ്ഥാപനങ്ങളുടെ എണ്ണം 520 ആയി ഉയര്‍ന്നു. അതുപോലെ 2022-ല്‍ 14,000 സന്ദര്‍ശകരായിരുന്നു എത്തിയിരുന്നതെങ്കില്‍, ഇത്തവണ സന്ദര്‍ശകരുടെ എണ്ണം രണ്ട് ലക്ഷം (200,000) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
150-ലധികം രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികളുടെ പങ്കാളിത്തമാണ് ആറാം പതിപ്പിന്റെ പ്രധാന സവിശേഷതയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, ഭരണനേതാക്കള്‍, പ്രമുഖ പണ്ഡിതന്മാര്‍ (മുഫ്തിമാര്‍) എന്നിവര്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി നിരവധി കരാറുകളിലാണ് ഈ മേളയില്‍ വെച്ച് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
തീര്‍ത്ഥാടകര്‍ക്കായി നല്‍കുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലും അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഹജ്ജ് സീസണ്‍ ഏകോപിപ്പിക്കുന്നതിലും സൗദി അറേബ്യ കൈവരിച്ച വലിയ മുന്നേറ്റമാണ് നാല് ദിവസം നീണ്ട ഈ ആഗോള സമ്മേളനത്തിന്റെ വിജയം വ്യക്തമാക്കുന്നത്.
Related News