റിയാദ്: സൗദി അറേബ്യയില്‍ ഉപഭോക്തൃ അവകാശങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യമായി ക്രമീകരിക്കുന്നതിനുമുള്ള പുതിയ 'ഉപഭോക്തൃ സംരക്ഷണ നിയമം രാജ്യത്തെ ഉപഭോക്തൃ അവകാശ സംരക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബി വ്യക്തമാക്കി.
രാജ്യത്തെ ആദ്യ സമഗ്ര ഉപഭോക്തൃ സംരക്ഷണ നിയമമാണിതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 20-ലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ അധികാരങ്ങളെ ഏകോപിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും അറിയിച്ചു. ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനും വിപണിയിലെ മേല്‍നോട്ട ശേഷി വര്‍ദ്ധിപ്പിക്കാനും ഈ പുതിയ ഏകോപന സംവിധാനം വഴിയൊരുക്കും.
വ്യാപാരികളും ഉപഭോക്താക്കളും തമ്മിലുള്ള കരാറുകള്‍ ക്രമീകരിക്കല്‍, ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കല്‍, കുട്ടികള്‍, വയോധികര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങളുടെ അവകാശ സംരക്ഷണം എന്നിവ പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്നു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിലോ പ്രതിസന്ധി ഘട്ടങ്ങളിലോ അനാവശ്യമായി വില വര്‍ദ്ധിപ്പിക്കുന്നത് തടയാനും വിപണിയിലെ വിലനിലവാരം സ്ഥിരതയോടെ നിലനിര്‍ത്താനും ആവശ്യമായ വകുപ്പുകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആകെ 10 അധ്യായങ്ങളിലായി 76 ആര്‍ട്ടിക്കിളുകളാണ് ഈ പുതിയ നിയമസംവിധാനത്തില്‍ അടങ്ങിയിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് നിലവിലുള്ള വ്യാജ വാണിജ്യ വിരുദ്ധ നിയമം, ഇ-കോമേഴ്സ് നിയമം, കമേഴ്സ്യല്‍ ഡാറ്റ സിസ്റ്റം എന്നീ മൂന്ന് പ്രധാന നിയമങ്ങള്‍ക്ക് പകരമായി ഈ ഒറ്റ സമഗ്ര നിയമം നിലവില്‍ വരും.
Related News