തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും. 32ാം ജന്മദിനത്തിന് തൊട്ടുമുമ്പാണ് സഞ്ജുവിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 14ന് ന്യൂ ചണ്ഡീഗഢിലെ പി.സ.ിഎ സ്‌റ്റേഡിയത്തില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ചതുര്‍ദിന ക്രിക്കറ്റില്‍ കേരളത്തെ നയിക്കുന്ന വിഷ്ണു വിനോദും 18 അംഗ ടീമിലുണ്ട്. പരിചയസമ്പന്നനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയും ടീമില്‍ ഇടംപിടിച്ചു.
കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ അഹമ്മദ് ഇമ്രാനും ബാറ്റിങ് ഓള്‍റൗണ്ടര്‍ ഗോവിന്ദ് ദേവും ടീമിലെത്തിയവരില്‍ ഉള്‍പ്പെടുന്നു. വലംകൈയന്‍ പേസര്‍ കെ.എം. ആസിഫ്, ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍ എന്നിവരും ടീമിലുണ്ട്.
ഗ്രൂപ്പ് സി-യിലാണ് കേരളം മത്സരിക്കുന്നത്. മധ്യപ്രദേശ്, ആന്ധ്ര, അസം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്തായിരുന്നു കേരളം. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ ടീമിന് കഴിഞ്ഞിരുന്നില്ല.
ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 67, 14, 18, 4, 4 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകള്‍. എന്നാല്‍ ഈ വര്‍ഷം മികച്ച ഫോമിലാണ് താരം. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജുവായിരുന്നു.
കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ്, കൃഷ്ണ ദേവന്‍, വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം, വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍, കാര്‍ത്തിക് ബി. നായര്‍, വൈശാഖ് ചന്ദ്രന്‍, കെ.എം. ആസിഫ്, നിധീഷ് എം.ഡി, ഷറഫുദ്ദീന്‍ എന്‍.എം, ജലജ് സക്‌സേന.
Related News