ന്യൂഡല്‍ഹി: 137 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര മാര്‍ജിനില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. അതോടെ മരുന്നുകളുടെ വിലയില്‍ ശരാശരി 6,000 രൂപയുടെ കുറവ്. എന്നാല്‍ വിലക്കുറവ് എല്ലാ മരുന്നുകള്‍ക്കും ഒരുപോലെ ലഭിച്ചിട്ടില്ല. ഉയര്‍ന്ന വിലയുള്ള പേറ്റന്റ് മരുന്നുകള്‍ക്കും ഒരേയൊരു കമ്പനി മാത്രം വിപണിയിലെത്തിക്കുന്ന മരുന്നുകള്‍ക്കും വിലയില്‍ മാറ്റമുണ്ടായിട്ടില്ല. നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിങ് അതോറിറ്റി (എന്‍.പി.പി.എ) പുറത്തുവിട്ട പുതുക്കിയ വിലവിവരങ്ങളുടെ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
നിര്‍മാതാക്കള്‍ സമര്‍പ്പിച്ച 1,366 മരുന്നുകളുടെ വിവിധ ഡോസുകള്‍, പാക്കിങ് വലുപ്പങ്ങള്‍, ബ്രാന്‍ഡുകള്‍ എന്നിവയുടെ പുതുക്കിയ വിലയാണ് പരിശോധിച്ചത്. ഇതില്‍ 201 മരുന്നുകളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. 255 മരുന്നുകള്‍ക്ക് 100 രൂപയില്‍ താഴെ മാത്രമാണ് വില കുറഞ്ഞത്. അതായത് ആകെ 456 മരുന്നുകള്‍ക്ക് കാര്യമായ വിലക്കുറവ് ലഭിച്ചില്ല.
ചില മരുന്നുകള്‍ക്ക് 1,000 മുതല്‍ 5,000 രൂപ വരെയാണ് വില കുറഞ്ഞത്. 401 ഫോര്‍മുലേഷനുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 207 എണ്ണത്തിന് 5,000 മുതല്‍ 10,000 രൂപ വരെയും 144 എണ്ണത്തിന് 10,000 മുതല്‍ 20,000 രൂപ വരെയും കുറവുണ്ടായി. എട്ട് മരുന്നുകള്‍ക്ക് യൂണിറ്റിന് 50,000 രൂപയിലധികം വില കുറഞ്ഞു. ഇതില്‍ പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള എന്സലൂട്ടാമൈഡ് എന്ന മരുന്നിന്റെ വില ഏകദേശം രണ്ട് ലക്ഷം രൂപയാണ് കുറഞ്ഞത്.
എന്നാല്‍ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള 57 മരുന്നുകളില്‍ നാലെണ്ണത്തിന് മാത്രമാണ് വില കുറഞ്ഞത്. പേറ്റന്റ് സംരക്ഷണമുള്ളതും ഇന്ത്യയില്‍ ഒരേയൊരു നിര്‍മാതാവ് മാത്രമുള്ളതുമായ 39 മരുന്നുകളുടെ 62 ഫോര്‍മുലേഷനുകള്‍ക്ക് വിലയില്‍ മാറ്റമുണ്ടായില്ല. ഏകദേശം 18 തരം കാന്‍സറുകള്‍ക്ക് ഉപയോഗിക്കുന്ന പെംബ്രോലിസുമാബ്, സ്തനാര്‍ബുദ ചികിത്സയ്ക്കുള്ള റിബോസിക്ലിബ്, അബെമാസിക്ലിബ് തുടങ്ങിയ വിലകൂടിയ മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഒന്നിലധികം കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് പുതിയ നിയന്ത്രണം ആശ്വാസമാകും. ആശുപത്രികളിലെ ഫാര്‍മസികളില്‍ എം.ആര്.പിയിലോ അതിനടുത്ത വിലയിലോ മരുന്നുകള്‍ വാങ്ങേണ്ടിവരുന്ന രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുക. എന്നാല്‍ പുതിയതരം ടാര്‍ഗറ്റഡ് തെറാപ്പികള്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ നേട്ടമുണ്ടാകില്ല.
പേറ്റന്റ് മരുന്നുകള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ ലഭ്യമാക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ്, സര്‍ക്കാര്‍ ഉപയോഗം തുടങ്ങിയ പേറ്റന്റ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രയോജനപ്പെടുത്തേണ്ടിവരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മരുന്നിന്റെ സ്റ്റോക്കിസ്റ്റ് വിലയും പരമാവധി ചില്ലറ വില്പന വിലയും തമ്മിലുള്ള വ്യാപാര മാര്‍ജിനാണ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. മരുന്നിന്റെ അടിസ്ഥാന വില നേരിട്ട് കുറയ്ക്കുന്നതിന് പകരം വില്പനയിലെ ലാഭവിഹിതത്തിന് പരിധി നിശ്ചയിക്കുന്ന രീതിയാണ് ട്രേഡ് മാര്‍ജിന്‍ റാഷനലൈസേഷന്‍.
Related News